പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് ‘ഡീയസ് ഈറേ’. ‘ക്രോധത്തിന്റെ ദിനം’ (ദി ഡേ ഓഫ് റാത്ത്) എന്ന ടാഗ് ലൈനോടെ എത്തിയ ഈ ചിത്രം ഒക്ടോബർ 31-ന് ആഗോളതലത്തിൽ റിലീസായി. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, പ്രേക്ഷകപ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ-നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. റിലീസിന്റെ ആദ്യ ദിനം തന്നെ ചിത്രം ഇന്ത്യയിൽ നിന്ന് 4.5 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടിയതായി റിപ്പോർട്ടുണ്ട്.
ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും നിറഞ്ഞ ഈ ചിത്രം ഉയർന്ന സാങ്കേതിക നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. എ സർട്ടിഫിക്കറ്റ് ലഭിച്ച ഈ ഹൊറർ ത്രില്ലറിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗംഭീര സംഗീതവും നിലവാരമുള്ള ദൃശ്യങ്ങളും ചിത്രത്തിന്റെ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു. ക്രിസ്റ്റോ സേവ്യർ ഈണമിട്ട ഗാനവും റിലീസിന് മുൻപേ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഇ ഫോർ എക്സ്പെരിമെന്റസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ഇന്ത്യയ്ക്ക് പുറമെ നിരവധി വിദേശ രാജ്യങ്ങളിലും ‘ഡീയസ് ഈറേ’ എത്തിയിട്ടുണ്ട്. ഹോം സ്ക്രീൻ എൻ്റർടൈൻമെൻ്റ്സ്, തിങ്ക് സ്റ്റുഡിയോസ്, വികെ ഫിലിംസ്, പ്രൈം മീഡിയ യുഎസ് തുടങ്ങിയ വിവിധ വിതരണക്കാർ വഴിയാണ് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തിയത്.

