സുരേന്ദ്രന്റെ വരവിൽ വയനാട്ടിൽ അതൃപ്തി; വെല്ലുവിളിയായത് നുസ്രത്ത് ജഹാന്റെ ജനകീയ മുഖം

സുരേന്ദ്രന്റെ വരവിൽ വയനാട്ടിൽ അതൃപ്തി; വെല്ലുവിളിയായത് നുസ്രത്ത് ജഹാന്റെ ജനകീയ മുഖം

രാജ്യത്ത് ഏറ്റവും കൂടുതൽ ശ്രദ്ധാ കേന്ദ്രങ്ങളിൽപെട്ട മണ്ഡലങ്ങളിൽ ഒന്നാണ് വയനാട്. രാഹുൽ ഗാന്ധിയുടെ സിറ്റിംഗ് സീറ്റ് എന്നത് തന്നെയാണ് വയനാടിനെ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിപ്പിക്കുന്ന ഘടകം. മുഖ്യ എതിരാളിയായ ഇടത് പക്ഷം ആനി രാജയെന്ന അവരുടെ ദേശീയ നേതാവിനെ തന്നെ കളത്തിലിറക്കിയതോടെ വയനാട് വീണ്ടും ഹോട്ട് സബ്ജക്ടായി.ദേശീയ നേതാക്കൾ കളത്തിലിറങ്ങുന്ന വയനാടിൽ എൻഡിഎ ആരെ കളത്തിലിറക്കുമെന്നതും വലിയ ചോദ്യചിഹ്നമായി. ഈ ചോദ്യചിഹ്നത്തിനിടയിലാണ് വയനാട് ലോക്സഭ സീറ്റില്‍ നുസ്റത്ത് ജഹാനെ സ്ഥാനാർഥിയായി എൻഡിഎ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ)യുടെ ദേശീയ നേതൃത്വം പ്രഖ്യാപിക്കുന്നത്. ബിജെപി സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിയുടെ അനുഗ്രഹവും ആശീര്‍വാദവും സ്വീകരിച്ച് ആര്‍പിഐ സ്ഥാനാർഥി നുസ്‌റത്ത് ജഹാന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിക്കുകയും ചെയ്തു. മണ്ഡലത്തിലെ പ്രമുഖ സ്ഥാനാർഥികളിൽ മലയാളിയായ സ്ഥാനാർഥി എന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ)യുടെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ നുസ്രത്ത് ജഹാന് വയനാട്ടിൽ ഒരു അനുകൂല ഘടകമായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വയനാട് നിന്ന് മത്സരിച്ച തുഷാർ വെള്ളാപ്പള്ളിയെക്കാൾ ജനപ്രീതിയുള്ള നേതാവെന്നതിനാൽ എൻഡിഎയുടെ പെട്ടിയിലേക്ക് ഇത്തവണ കഴിഞ്ഞ തവണത്തേതിനേക്കാൾ വോട്ട് കൂടുമെന്ന് കണക്ക് കൂട്ടിയ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ബിജെപി ദേശീയ നേതൃത്വം വയനാട്ടിൽ നുസ്രത്ത് ജഹാന്റെ പേര് വെട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പേര് പ്രഖ്യാപിക്കുന്നത്. ഇതോടെ അണികളിൽ ചിലരും അതൃപ്തരായി. സംസ്ഥാന നേതാവെന്ന ലേബൽ സുരേന്ദ്രനുണ്ടെങ്കിലും വയനാട്ടിലെ സ്ത്രീ വോട്ടർമാരിൽ നുസ്രത്ത് ജഹാൻ ഉണ്ടാക്കുന്ന സ്വാധീനം സുരേന്ദ്രന് ഉണ്ടാക്കാനാകില്ല എന്നതാണ് പ്രാഥമിക നിരീക്ഷണം. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വ്ലോഗർ റിഫ മെഹ്‌റുവിന്റെ ദുരൂഹ മരണത്തിൽ രിഫയുടെ കുടുംബത്തോടോപ്പം നിന്ന നുസ്രത്ത് ജഹാന്റെ നിലപാടുകൾ സ്ത്രീകൾക്കിടയിൽ നുസ്രത്ത് ജഹാന് വലിയ സ്വാധീനമുണ്ടാക്കിയിരുന്നു. ഈ ജനപ്രീതിയും സ്വാധീനവും കൊണ്ട് കഴിഞ്ഞ തവണ തുഷാർ വെള്ളാപ്പള്ളി നേടിയ 78,816 വോട്ടുകൾ രാഷ്ട്രീയ ഭേദമന്യേ നുസ്രത്ത് ജഹാന് നിസ്കപ്രയാസം മറികടക്കമായിരുന്നു. ഈയൊരു സുവർണാവസരമായിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനത്തോടെ ബിജെപി കളഞ്ഞ് കുളിച്ചത്. വിജയിച്ചില്ല എങ്കിൽ പോലും രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ മത്സരം കാഴ്ച്ച വെച്ചാൽ പോലും അമേട്ടിയിലെ സ്‌മൃതി ഇറാനിയെ പോലെ കേരളത്തിൽ എൻഡിഎയ്ക്ക് വളർത്തിയെടുക്കാൻ കഴിയുന്ന ശക്തയായ നേതാവ് കൂടിയാകുമായിരുന്നു നുസ്രത്ത് ജഹാൻ.

നുസ്രത്ത് ജഹാന്റെ പേര് തഴഞ്ഞതോടെ എതിർ പാളയങ്ങളിലും പുതിയ ചർച്ചകൾ നടക്കുകയാണ്. മലപ്പുറത്തെ എൻഡിഎ സ്ഥാനാർഥി അബ്ദുൽ സലാമിനെ പാലക്കാട്ടെ മോദിയുടെ റോഡ് ഷോയിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ബിജെപിയുടെ മുസ്ലിങ്ങളോടുള്ള അസഹിഷ്ണുത എതിർ പാളയങ്ങളിൽ ചർച്ചയായിരുന്നു. സമാന ചർച്ച തന്നെയാണ് നുസ്രത്ത് ജഹാനെ ഒഴിവാക്കിയതിലും നടക്കുന്നത്.സുരേന്ദ്രന്റെ പ്രഖ്യാപനത്തോടെ വിജയസാധ്യത ഒന്ന് കൂടി കുറഞ്ഞ എൻഡിഎയ്ക്ക് വയനാട്ടിൽ നിന്ന് ലഭിക്കുന്ന വോട്ടുകളും പ്രവർത്തകർ ഉറ്റുനോക്കുന്നുണ്ട്. നുസ്രത്ത് ജഹാനെ തഴഞ്ഞ നടപടി പുനഃപരിശോധിക്കേണ്ടിയിരുന്നു എന്നത് വോട്ടെണ്ണൽ ദിനത്തിൽ താഴെ തട്ടിലും ഉന്നത തലത്തിലും ചർച്ചയാകുമെന്നുറപ്പാണ്.

Leave a Reply