യുവ സംരഭകൻ എന്ന വിശേഷണം മാത്രം മതിയാവില്ല ഡോ: അബൂബക്കർ കുറ്റിക്കോലിനെ വിശേഷിപ്പിക്കാൻ. ബിസിനസിനോടപ്പം ഒരു നാടിന്റെ ജീവനാഡിയായി അശരണർക്കും അഗതികൾക്കും ഉറവ വറ്റാത്ത കാരുണ്യത്തിന്റെ കരസ്പർശം കൂടിയാണ് ഡോ: അബൂബക്കർ കുറ്റിക്കോൽ. 2000 ൽ അബുദാബിയിൽ സേഫ് ലൈൻ ഗ്രൂപ്പിന് തുടക്കം കുറിച്ച് കൊണ്ടാണ് ഡോ: അബൂബക്കർ കുറ്റിക്കോൽ ബിസിനസ് രംഗത്ത് തന്റെ ചുവടുറപ്പിക്കുന്നത്. അന്ന് അബുദാബിയിൽ നിന്നാരംഭിച്ച അദ്ദേഹത്തിൻറെ സേഫ് ലൈൻ ഇന്ന് യുഎഇയുടെ എല്ലാ ഭാഗങ്ങളിലിലേക്കും വളർന്ന് പന്തലിച്ച കോർപ്പറേറ്റ് ഗ്രൂപ്പാണ്. ഉയർന്ന നിലവാരമുള്ള ഇലക്ട്രിക്കൽ, മെക്കാനിക്കൽ സാമഗ്രികൾ, കേബിളുകൾ, വയറുകൾ, കേബിൾ ആക്‌സസറികൾ, എർത്തിംഗ്, മിന്നൽ സംരക്ഷണ സംവിധാനം, സ്വിച്ച് ഗിയർ, ലുമിനൈറുകൾ, പവർ പ്ലാൻ്റുകളിലേക്കും എണ്ണപ്പാടങ്ങളിലേക്കുമുള്ള ഉപകരണങ്ങൾ തുടങ്ങീ മേഖലകളിലാണ് സേഫ് ലൈൻ അറബ് മണ്ണിലെ കമ്പോളങ്ങളിൽ പ്രശസ്തിയാർജ്ജിച്ചിരിക്കുന്നത്. എബിബി, റിയാദ് കേബിൾസ്, നാഷണൽ കേബിൾസ്, ജിദ്ദ കേബിൾസ് തുടങ്ങിയ ലോകപ്രശസ്ത നിർമ്മാതാക്കളിൽ ചിലരുടെ അംഗീകൃത വിതരണക്കാരാണ് സേഫ് ലൈൻ ഇലക്ട്രിക്കൽ & മെക്കാനിക്കൽസ് എന്നതും കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്. അങ്ങേയറ്റം സേഫായി കൈകാര്യം ചെയ്യേണ്ട ഇലക്ട്രിക്കൽ മേഖലയിൽ ഉപഭോക്താവിന് എല്ലാ വിധ സേഫ്റ്റിയും നൽകി കൊണ്ടാണ് ഡോ: അബൂബക്കർ കുറ്റിക്കോലിന്റെ സേഫ് ലൈൻ അറബ് മണ്ണിൽ വിജയയാത്ര തുടരുന്നത്. യുഎഇയ്ക്ക് പുറമെ ഒമാനിലും ഇന്ത്യയിൽ ഗുജറാത്തിലുമായി പ്രവർത്തനം വ്യാപിച്ച സേഫ് ലൈൻ അബൂബക്കർ കുറ്റിക്കോലിന്റെ കീഴിൽ പുതിയ ലക്ഷ്യങ്ങളിലേക്കും ഉയരങ്ങളിലേക്കും കുതിക്കുകയാണ്. ബിസിനസിലെ അദ്ദേഹത്തിൻറെ ഈ മികവ് തന്നെയാണ് എ.പി.ജെ അബ്ദുല്‍ കലാം ഇന്‍സ്റ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റ് ഹോണററി ഡോക്ടറേറ്റിന് അദ്ദേഹത്തെ അർഹനാക്കിയത്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിആര്‍ സ്ഥാപനമായ ‘ഗ്ലോബല്‍ മീഡിയ’യുടെ നാലാമത് ഗോള്‍ഡന്‍ അച്ചീവ്‌മെൻ്റ് അവാർഡിന് അർഹരായ 20 ഇന്ത്യക്കാരിൽ ഒരാൾ കൂടിയാണ് ഡോ: അബൂബക്കർ കുറ്റിക്കോൽ.
ആത്മവിശ്വാസം കൊണ്ടും അർപ്പണ ബോധം കൊണ്ടും അറബ് മണ്ണിൽ അദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയപ്പോഴും തന്നെ താനാക്കിയ ആ മണ്ണിനോടുള്ള കടപ്പാട് അദ്ദേഹം എപ്പോഴും കാത്ത് സൂക്ഷിച്ചു. പ്രവാസം തേടിയെത്തിയ മലയാളികൾക്ക് അദ്ദേഹം തണലായി. കഴിഞ്ഞ കോവിഡ് കാലത്ത് അബൂദാബിയിലെ വിവിധ സംഘടനകളുമായി കൈകോർത്ത് ഡോക്ടർ അബൂബക്കർ നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ അബൂദാബിയിലെ പ്രവാസികൾക്ക് അനുഗ്രഹമായിരുന്നു. അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ, അബൂദാബി സംസ്ഥാന കെഎംസിസി, കാസർഗോഡ് ജില്ലാ കെഎംസിസി, കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി അടക്കമുള്ള കമ്മിറ്റികൾ നടത്തിയ കോവിഡ് പോരാട്ട പ്രവർത്തനങ്ങൾക്ക് അദ്ദേഹം സഹായവും സഹകരണവും ഊർജവും നൽകിയപ്പോൾ അത് ആശ്വാസമായത് നൂറുകണക്കിന് ജീവിതങ്ങൾക്കാണ്. ബിസിനസ്സ് മേഖലയിലെയും ആരോഗ്യ മേഖലയിലെയും ഈ പ്രവർത്തനങ്ങൾ തന്നെയാണ് അദ്ദേഹത്തെ യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിക്കാനുള്ള കാരണവും. 2021 ലാണ് അദ്ദേഹത്തിനും ഭാര്യ റഷീദക്കും മകൾക്കും യുഎഇ ഗോൾഡൻ വിസ അനുവദിച്ചത്.കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടുകാരനായ അദ്ദേഹം തന്റെ സ്വന്തം നാട്ടിലെയും കാരുണ്യ സാമൂഹ്യ വിദ്യഭ്യാസ രംഗത്ത് സജീവമാണ്.
കാഞ്ഞങ്ങാട് സിഎച് സെന്റർ വൈസ് പ്രസിഡണ്ട്, നീലേശ്വരം മർക്കസ്സുദ്ദഅവതുൽ ഇസ്ലാമിയ അബൂദാബി കമ്മിറ്റി മുഖ്യ രക്ഷാധികാരി, പ്രവാസി സംഘടന കാസർകോട് കൂട്ടായ്മയുടെ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ കൂടി അദ്ദേഹം അലങ്കരിക്കുന്നുണ്ട്.