രാജ്യത്തെ രാഷ്ട്രീയ സാമൂഹിക വ്യാവസായിക രംഗത്ത് ‘നാലപ്പാട്’ കുടുംബം ഇന്ന് ഏറെ പ്രശസ്തമാണ്. കർണാടക രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന ശാന്തി നഗർ എംഎൽഎ എൻഎ ഹാരിസ്, അദ്ദേഹത്തിൻറെ മകൻ മുഹമ്മദ് ഹാരിസ് എന്നിവരെല്ലാം നാലപ്പാട് കുടുംബത്തിൽ നിന്നുമാണ്. വ്യാവസായിക രംഗത്തും നാലപ്പാട് ഗ്രൂപ്പ് പടർന്ന് പന്തലിക്കുമ്പോൾ ഇന്ന് കാണുന്ന നാലപ്പാടിന്റെ കരുത്തിന് പിന്നിലെ വ്യക്തിയാണ് ഡോക്ടർ എൻഎ മുഹമ്മദ്. നാലപ്പാടിന്റെ എല്ലാ വളർച്ചകൾക്കുമുള്ള തുടക്കം അദ്ദേഹത്തിൽ നിന്നുമാണ്.
കാസർകോട് കിഴൂർ സ്വദേശിയായ എൻഎ മുഹമ്മദ് 1960 കളിലാണ് കർണാടകയിലേക്ക് ( അന്നത്തെ മൈസൂർ) വണ്ടി കയറുന്നത്. ഇടത്തരം കുടുംബത്തിൽ നിന്നും വലിയ സ്വപ്നങ്ങളോടെയാണ് അദ്ദേഹം കന്നഡ മണ്ണിൽ കാലുകുത്തുന്നത്. കർണാടകയിലെ ശിവമോഗ ജില്ലയിലെ ഭദ്രാവതിയിലായിരുന്നു അദ്ദേഹം ആദ്യകാലത്ത് താമസിച്ചിരുന്നത്. പിന്നീട് ബംഗളൂരുവിലെ വിജയനഗറിലേക്ക് അദ്ദേഹം മാറി.
പിഡബ്ല്യൂഡി കോൺട്രാക്ടറായ അദ്ദേഹം തന്റെ കഠിനാദ്ധ്വാനം കൊണ്ട് തന്റെ തൊഴിൽ മേഖല വളർത്തി. തൊഴിലിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥ കൊണ്ട് തന്നെ അപ്പർ കൃഷ്ണ പ്രോജക്റ്റ് അടക്കം കർണാടകയിലെ നിരവധി പ്രോജക്ടുകൾ അദ്ദേഹത്തിന് ലഭിച്ചു. ആ തൊഴിലിൽ നിന്നും ലഭിച്ച വരുമാനം ഉപയോഗിച്ച് അദ്ദേഹം ബെംഗളൂരുവിലെ ഹൃദയ ഭാഗത്ത് ഒരു ത്രീ സ്റ്റാർ ഹോട്ടൽ സ്വന്തമാക്കുന്നു. ഒരു പക്ഷെ ഇന്ന് നാലപ്പാട് ഗ്രൂപ് ബിസിനസ് രംഗത്ത് ഉണ്ടാക്കി എല്ലാ വളർച്ചയുടെയും തുടക്കം അവിടെ നിന്നായിരുന്നു. 1978 അദ്ദേഹം ന;നാലപ്പാട് ഗ്രൂപ് ഹോട്ടൽ എന്ന ബിസിനസ്സ് മേഖലയും സ്ഥാപിച്ചു. ഇപ്പോൾ നാലപ്പാട് പൈപ്പ്‌സ്, നാലപ്പാട് സുരക്ഷ, നാലപ്പാട് ഇൻഫോടെക്, നാലപ്പാട് എനർജി തുടങ്ങീ വിവിധ മേഖലകളിൽ നാലപ്പാട് ഗ്രൂപ് എത്തി നിൽക്കുന്നു.
ബിസിനസ്സ് രംഗത്ത് മാത്രമല്ല, കർണാടകയിലെ രാഷ്ട്രീയ മേഖലയിലും ഏറെ നിർണായകമാണ് എൻഎ മുഹമ്മദിന്റെ ഇടപെടലുകൾ. അടിയുറച്ച കോൺഗ്രെസ്സുകാരനായ അദ്ദേഹം കർണാടക കോൺഗ്രസിന്റെ ശക്തി കേന്ദ്രം കൂടിയായിരുന്നു. ഇന്ദിരാ ഗാന്ധി ചിക്ക്മംഗലൂരിൽ നിന്നും ജനവിധി നേടിയ സമയത്ത് അന്ന് വലിയ ചർച്ചയായിരുന്ന ദേവഗൗഡ- ഗുണ്ടു റാവു തർക്കം രമ്യതയിലേക്ക് എത്തിച്ചതും എൻഎ മുഹമ്മദ് എന്ന രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നു. ഇന്ന് കർണാടക രാഷ്ട്രീയത്തിലെ പ്രധാനിയായ എൻഎ ഹാരിസിനും അദ്ദേഹത്തിൻറെ മകൻ മുഹമ്മദ് ഹാരിസിനും ലഭിച്ച രാഷ്ട്രീയ വൈഭവം എൻഎ മുഹമ്മദിൽ നിന്നുമാണ്.
തന്റെ രാഷ്ട്രീയ- വ്യവസായിക രംഗം കര്ണാടകയിലായിട്ടും തന്റെ ജന്മദേശമായ കിഴൂരിനൊപ്പവും അദ്ദേഹം നിലകൊണ്ടു. കിഴൂരിന്റെ മാത്രമല്ല, കാസർകോട് ജില്ലയുടെ തന്നെ സാമൂഹിക- സാംസ്‌കാരിക-കാരുണ്യ രംഗത്ത് അദ്ദേഹം നിറഞ്ഞ് നിൽക്കുന്നു. കിഴൂരിൽ നിന്നും ഇന്ന് ദേശീയ തലത്തിൽ തന്നെ എൻഎ മുഹമ്മദ് പ്രശസ്തി നേടുമ്പോൾ അത് ഓരോ കിഴൂരുകാരന്റെയും അഭിമാണെന്നാണ് നാട്ടുകാർ പറയുന്നത്.