ബീച്ചിൽ വന്നടിച്ചത്‌ മയക്കുമരുന്ന്‌: അമ്പരന്ന്‌ ജനം

ബീച്ചിൽ വന്നടിച്ചത്‌ മയക്കുമരുന്ന്‌: അമ്പരന്ന്‌ ജനം

മഹാരാഷ്‌രടയിലെ രത്നഗിരി ബീച്ചുകളിലേക്ക് തിരകൾക്കൊപ്പം വന്നടിച്ച്‌ മയക്കുമരുന്ന്‌. ഓഗസ്റ്റ് 14 മുതല്‍ 17 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ മഹാരാഷ്ട്രയിലെ 7 ബീച്ചുകളില്‍ നിന്നായി 250 കിലോയോളം ഹാഷിഷ് തീരത്ത്‌ അടിഞ്ഞത്‌. പ്ലാസ്റ്റിക് കവറുകളിലാക്കി പൊതിഞ്ഞ നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ തീരത്തേക്ക് ഒഴുകിയെത്തിയത്. കര്‍ഡെ, ലാഡ്ഗര്‍, കെല്‍ഷി, കോല്‍താരേ, മുരുഡ്, ബറോണ്ടി, ദാബോല്‍, ബോറിയ എന്നീ ബീച്ചുകളിലേക്കാണ് ലഹരി വസ്തുക്കള്‍ ഒഴുകിയെത്തിയത്.

അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകളില്‍ നിന്ന് വീണ് പോയതോ അല്ലാത്ത പക്ഷം മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ കടലില്‍ ഉപേക്ഷിച്ചതോ ആയ മയക്കുമരുന്ന് തീരത്തേക്ക് ഒഴുകിയെത്തിയതാവാമെന്നാണ് കസ്റ്റംസ് സംഭവത്തേക്കുറിച്ച് പറയുന്നത്. ഓഗസ്റ്റ് 14 ന് രാത്രി പട്രോളിനിറങ്ങിയ തീരദേശ ഗാര്‍ഡുകളാണ് 10 പാക്കറ്റുകള്‍ കണ്ടെത്തിയത്. 12 കിലോയോളം ഭാരമുള്ള പാക്കറ്റ് നനഞ്ഞ് കുതിര്‍ന്ന അവസ്ഥയിലായിരുന്നു. ഈര്‍പ്പം മാറ്റി നടത്തിയ പരിശോധനയിലാണ് പാക്കറ്റിലുള്ളത് മയക്കുമരുന്നാണെന്ന് കണ്ടെത്തുന്നത്. ഇതോടെയാണ് രത്നഗിരിയിലെ വിവിധ ബീച്ചുകളില്‍ കസ്റ്റംസ് പരിശോധന ഊര്‍ജ്ജിതമാക്കിയത്. ഓഗസ്റ്റ് 15 ന് 35 കിലോ ഹാഷിഷ് രണ്ട് ബീച്ചുകളില്‍ നിന്നും 16ന് 38 കിലോ ഹാഷിഷ്, 17ന് 115 കിലോ ഹാഷിഷും കംസ്റ്റംസ് കണ്ടെത്തി.

കോല്‍താരേ ബീച്ചില്‍ നിന്ന് കണ്ടെത്തിയ ഹാഷിഷ് ഉന്നത ക്വാളിറ്റിയുള്ളതെന്നാണ് കസ്റ്റംസ് വിശദമാക്കുന്നത്. തീരദേശത്തുള്ളവരോട് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന ലഹരി മരുന്നുകള്‍ ശേഖരിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ദപ്പോളി കസ്റ്റംസ് ഡിവിഷന്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ശ്രീകാന്ത് കുഡല്‍കര്‍. അനധികൃതമായി ലഹരി വസ്തുക്കള്‍ കയ്യില്‍ വയ്ക്കുന്നത് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ദപ്പോളി കസ്റ്റംസ് ഡിവിഷന്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ വ്യക്തമാക്കി. 2022ല്‍ 59 കാപ്പിപ്പൊടി പാക്കറ്റുകളിലായി ചരസ് എന്ന് സംശയിക്കപ്പെടുന്ന വസ്തു ഗുജറാത്തിലെ പോര്‍ബന്ദറിലും ജുനാഗഡിലേയും ബീച്ചുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു.

Leave a Reply