ബ്രസല്‍സ്: ഗസ്സയില്‍ ശാശ്വത വെടിനിര്‍ത്തലിന് സമ്മര്‍ദം ചെലുത്തണമെന്ന് യൂറോപ്യൻ യൂനിയനില്‍ ആവശ്യം ശക്തമാകുന്നു.
സ്പെയിൻ, അയര്‍ലൻഡ്, ബെല്‍ജിയം, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങള്‍ ഈ ആവശ്യവുമായി രംഗത്തുണ്ട്.ഗസ്സയിലെ സ്ഥിതിഗതികളെക്കുറിച്ച് ഇ.യു അംഗരാജ്യങ്ങള്‍ സമവായത്തിലെത്തണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ബ്രസല്‍സില്‍ നടന്ന യൂറോപ്യൻ യൂനിയൻ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിനിര്‍ത്തലിനെ സ്പെയിൻ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വെടിനിര്‍ത്തല്‍ നയതന്ത്ര നീക്കത്തിന് വഴിയൊരുക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരം യാഥാര്‍ഥ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ വേണമെന്നും സാധാരണക്കാരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും സ്പെയിൻ നിരന്തരമായി ആവശ്യപ്പെട്ടുവരികയാണ്.
ഗസ്സ വിഷയത്തില്‍ യൂറോപ്യൻ യൂനിയന് ഇരട്ടത്താപ്പാണെന്നും ഗ്ലോബല്‍ സൗത്തിന് മുന്നില്‍ യൂനിയന് വിശ്വാസ്യത നഷ്ടമായിരിക്കുകയാണെന്നും അയര്‍ലൻഡ് പ്രധാനമന്ത്രി ലിയോ വരാദ്കര്‍ പറഞ്ഞു. ഹമാസ് നടത്തിയ ഭീകരാക്രമണത്തെ അപലപിക്കുന്നതിനൊപ്പം ഫലസ്തീനികള്‍ക്ക് നീതി ലഭിക്കാൻ ആഹ്വാനംചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.