കോഴിക്കോട്: ഇരുചക്രവാഹനങ്ങളില്‍ അര്‍ധരാത്രിയില്‍ അഭ്യാസ പ്രകടനം നടത്തിയ മൂന്നു യുവാക്കളുടെ ലൈസൻസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.
കഴിഞ്ഞദിവസം കോഴിക്കോട് മിനി ബൈപ്പാസ് റോഡിലായിരുന്നു അപകടകരമായ രീതിയില്‍ യുവാക്കള്‍ ബൈക്കോടിച്ചത്.
മുഹമ്മദ് റിസ്‌വാൻ, എസ്. റിത്വിക്, വിജയ് എന്നിവരുടെ ലൈസൻസാണ് എം.വി.ഡി മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റീല്‍ ഷൂട്ടിന്‍റെ ഭാഗമായി ബൈക്കിലും സ്കൂട്ടറിലുമായിരുന്നു അഭ്യാസ പ്രകടനം. യുവാക്കള്‍ തന്നെയാണ് ഇതിന്‍റെ വിഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ദൃശ്യങ്ങളില്‍ മുഖം വ്യക്തമായില്ലെങ്കിലും നമ്ബര്‍ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യുവാക്കളെ തിരിച്ചറിയാൻ സഹായിച്ചത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് യുവാക്കളെയും രക്ഷിതാക്കളെയും ഹിയറിങ്ങിനായി മോട്ടോര്‍ വാഹന വകുപ്പ് ഓഫിസിലേക്ക് വിളിച്ചുവരുത്തി.
പിന്നാലെയാണ് ലൈസൻസ് റദ്ദാക്കിയത്. യുവാക്കള്‍ ഇനി മോട്ടോര്‍ വാഹന വകുപ്പിന്റെ പരീക്ഷ കൂടി എഴുതണം.