ചാന്ദ്രയാൻ 3-ന്റെ വിജകരമായ ദൗത്യത്തിന് പിന്നാലെ ചാന്ദ്രയാൻ 3-ലെ ലാൻഡർ മോഡ്യൂൾ താനാണ് രൂപകല്‍പന ചെയ്തതെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നയാള്‍ ഗുജറാത്തില്‍ അറസ്റ്റില്‍. മിതുൽ ത്രിവേദി എന്ന വ്യാജ ശാസ്ത്രജ്ഞനെയാണ് സൂറത്ത് സിറ്റി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഐ.എസ്.ആർ.ഒയുടെ എന്‍ഷ്യന്റ് സയൻസ് ആപ്ലിക്കേഷൻ വിഭാഗത്തിലെ അസിസ്റ്റന്റ് ചെയർമാനാണ് താൻ എന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.
ഓഗസ്റ്റ് 23-ന് വിക്രം ലാൻഡറിന്റെ വിജയകരമായ ലാൻഡിങ്ങിന് പിന്നാലെയാണ് ഇയാൾ അവകാശവാദവുമായി രംഗത്തെത്തിയത്. ചാന്ദ്രയാൻ 3ന്റെ ചന്ദ്രനിലെ ലാൻഡിങ്ങിന് പിന്നാലെ വിവിധ പ്രാദേശിക മാധ്യമങ്ങൾക്ക് ഇയാൾ അഭിമുഖം നൽകുകയും ചെയ്തിരുന്നു. ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനാണ് എന്ന് തെളിയിക്കാൻ വേണ്ടി ഇയാൾ വ്യാജരേഖകളും ഉണ്ടാക്കിയിരുന്നു. 2022 ഫെബ്രുവരി 26നാണ് തനിക്ക് ഐ.എസ്.ആർ.ഒയിൽ നിന്ന് നിയമന കത്ത് ലഭിച്ചത് എന്നായിരുന്നു ഇയാൾ പറഞ്ഞത്.
പ്രാദേശിക മാധ്യമങ്ങളിൽ അഭിമുഖം വന്നതോടെ ഇയാളെക്കുറിച്ച് പരാതി ഉയരുകയും പോലീസ് വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തിൽ ഇയാൾക്ക് ഐ.എസ്.ആർ.ഒയുടെ ചാന്ദ്രയാൻ 3 മിഷനുമായി യാതൊരു ബന്ധവുമില്ലെന്നും ഐ.എസ്.ആർ.ഒ. ജീവനക്കാരനാണെന്ന അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിഞ്ഞുവെന്നും പോലീസ് വാർത്താ കുറിപ്പിൽ അറിയിച്ചു. ഐ.എസ്.ആർ.ഒയുടെ അടുത്ത പദ്ധതിയായ ‘മെർക്കുറി ഫോഴ്സ് ഇൻ സ്പെയ്സി’ലെ റിസേർച്ച് അംഗമാണെന്ന രേഖകളും ഇയാൾ വ്യാജമായി നിർമ്മിച്ചിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു.