തിരൂർ: രാജ്യത്ത് മൂന്നാഴ്ച ലോക്ക് ഡൗണ്‍ എന്ന് ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍.ചമ്രവട്ടം സ്വദേശി മുണ്ടുവളപ്പില്‍ ഷറഫുദ്ദീനെയാണ് (45) വ്യാജ പ്രചാരണം നടത്തി പൊതു ജനങ്ങള്‍ക്കിടയില്‍ ആശങ്കയും രാഷ്ട്രീയ സ്പർധയുമുണ്ടാക്കാൻ ശ്രമിച്ചതിന് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 25 അർധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ചത്തേക്ക് ലോക്ക് ഡൗണ്‍ ആണെന്നും ഈ സമയം ബി.ജെ.പിക്ക് അനുകൂലമായി ഇ.വി.എം മെഷീൻ തയാറാക്കുമെന്നും ശേഷം അരവിന്ദ് കെജ്രിവാളിന് ജാമ്യം എന്നും കാണിച്ചാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
സൈബർ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ ഡോമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തവെയാണ് ഇയാള്‍ പിടിയിലായത്.
തിരൂർ ഇൻസ്പെക്ടർ എം.കെ. രമേഷ്, എസ്.ഐ എ.ആർ. നിഖില്‍, സി.പി.ഒമാരായ അരുണ്‍, ധനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.