ചിറ്റൂര്‍: ഇനിയവരില്ല, ഒരു ഗ്രാമത്തെ മൊത്തം കണ്ണീരിലാഴ്ത്തി അവര്‍ മറഞ്ഞു. ഓടിച്ചാടി നടന്ന വഴിത്താരകളില്‍ അവര്‍ കോറിയിട്ട സുന്ദരസ്വപ്നങ്ങള്‍ മാത്രം ബാക്കി.
ചിറ്റൂര്‍ ടെക്നിക്കല്‍ സ്കൂളിനു സമീപം നെടുങ്ങോട്ടിലെ നാലു യുവാക്കളുടെ മൃതദേഹങ്ങള്‍ വൻ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. ജമ്മു-കാഷ്മീരില്‍ വിനോദസഞ്ചാരത്തിനിടെയുണ്ടായ അപകടത്തിലായിരുന്നു ഇവരുടെ മരണം.
അനില്‍ (34), സുധീഷ് (33), രാഹുല്‍ (28), വിഘ്നേഷ് (22) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ പുലര്‍ച്ചെ വ്യോമമാര്‍ഗം ശ്രീനഗറില്‍നിന്നു നെടുന്പാശേരിയിലെത്തിച്ചു. രാവിലെ ചിറ്റൂരിലെത്തിച്ച് എട്ടര വരെ മൃതദേഹങ്ങള്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു.
പുലര്‍ച്ചെ അഞ്ചു മുതല്‍തന്നെ മരണപ്പെട്ടവരുടെ ബന്ധുക്കള്‍, നാട്ടുകാര്‍, വിവിധ രാഷ്‌ട്രീയ സംഘടനാ നേതാക്കള്, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ഇങ്ങോട്ടേക്ക് ഒഴുകിയെത്തി. വികാരനിര്‍ഭരമായ രംഗങ്ങള്‍ പലരുടെയും കണ്ണു നനയിച്ചു.
എട്ടരയ്ക്കുശേഷം മൃതദേഹങ്ങള്‍ വീടുകളിലേക്കു കൊണ്ടുപോയി. സംസ്കാര ചടങ്ങുകള്‍ക്കുശേഷം ആംബുലൻസില്‍ മൃതദേഹങ്ങള്‍ ആര്യംപള്ളത്തെ പൊതുശ്മശാനത്തിലെത്തിച്ചു. ഇവിടത്തെ സംസ്കാരചടങ്ങുകളിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
പൊതുദര്‍ശനത്തില്‍ ചിറ്റൂര്‍ തഹസില്‍ദാര്‍ മുഹമ്മദ് റാഫി, ഷാഫി പറമ്ബില്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, ജനതാദള്‍-എസ്. സംസ്ഥാന സെക്രട്ടറി വി. മുരുകദാസ് ഉള്‍പ്പെടെ നിരവധിപേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.