കൊല്ലം: ഒരു ദിവസത്തോളം നീണ്ട ആശങ്കയ്ക്കൊടുവില്‍ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയപ്പോള്‍ കേരളം ഒന്നാകെ ആശ്വസിക്കുകയാണ്.
കൊല്ലം ആശ്രാമം മൈതാനത്തുവച്ചാണ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് കുട്ടിയെ കണ്ടതെന്ന് കുട്ടിയെ ആദ്യം കണ്ടവരില്‍ ഒരാളായ കെ.വി.ആര്‍ വിനോദ് പറഞ്ഞു.
വിനോദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ‘ആഹാരം കഴിക്കാനായാണ് ആശ്രാമം മൈതാനത്ത് വന്നത്. വന്നസമയത്ത് അവിടെ ഒരു കുട്ടി ഇരിക്കുന്നത് കണ്ടു. കുറച്ചുനേരമായി കുട്ടി അവിടെ ഇരിക്കുകയാണ്. കുട്ടിയുടെ അച്ഛനോ അമ്മയോ അടുത്തുണ്ട് എന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ കുറച്ച് നേരം കഴിഞ്ഞിട്ടും ആരെയും കണ്ടില്ല. അപ്പൊ അടുത്തുണ്ടായിരുന്ന പെണ്‍കുട്ടി, ഒറ്റയ്ക്കാണോ, കൂടെ ആരെങ്കിലുമുണ്ടോ എന്ന് കുട്ടിയോട് ചോദിച്ചു. അപ്പൊ ഉടനെ പറഞ്ഞു ആരുമില്ല എന്ന്. അപ്പൊള്‍ത്തെന്നെ ഞങ്ങളെല്ലാവരും അടുത്തേക്ക് ചെന്ന് പേരെന്താണെന്ന് ചോദിച്ചു- അബിഗേല്‍ എന്ന് പേര് പറഞ്ഞു. ആയൂരാണ് സ്ഥലമെന്നും പറഞ്ഞു.’
‘കൊച്ച് വിങ്ങിവിങ്ങിയാണ് സംസാരിച്ചത്. വ്യക്തമായി ഒന്നും പറയാൻ സാധിച്ചില്ല. ഫോട്ടോയൊക്കെ കാണിച്ച് ചോദിച്ചപ്പൊള്‍ കൊച്ച് കാര്യങ്ങളൊക്കെ കൃത്യമായി പറഞ്ഞു. പിന്നെ ഞങ്ങള്‍ ആഹാരം കിട്ടിയോ എന്ന് കൊച്ചിനോട് ചോദിച്ചു. വെള്ളവും ബിസ്‌കറ്റും കൊടുത്തു. ഇതൊക്കെ ഞങ്ങള്‍ പെട്ടെന്ന് ചെയ്തു. അപ്പോഴേക്കും കൊച്ച് നോര്‍മ്മലായി കാര്യങ്ങള്‍ പറഞ്ഞു.’
ഇപ്പോള്‍ അബിഗേലിന്റെ അടുത്ത് പിതാവ് എത്തിയിട്ടുണ്ട്. കുഞ്ഞുമായി പിതാവ് വീട്ടിലേക്ക് തിരിക്കും. നേരത്തെ വീഡിയോ കോളില്‍ ആറ് വയസ്സുകാരി അബിഗേലിനോട് അമ്മ സംസാരിച്ചിരുന്നു. സന്തോഷ കണ്ണീര്‍ കാരണം അമ്മയ്ക്ക് ഒന്നും സംസാരിക്കാനില്ല. ഫോണില്‍ മകള്‍ക്ക് ഉമ്മ നല്‍കിയാണ് അമ്മ സന്തോഷം പ്രകടിപ്പിച്ചത്.
ഒപ്പമുണ്ടായിരുന്ന മൂത്തമകൻ ജോനാഥന്റെ മുഖത്തും ചിരിവിടര്‍ന്നു. മണിക്കൂറുകള്‍നീണ്ട ആശങ്കയും ദുഃഖവുമെല്ലാം സന്തോഷത്തിലേക്ക് വഴിമാറിയനിമിഷങ്ങള്‍. ഇനി എത്രയുംവേഗം അബിഗേലുമായി പൊലീസ് വീട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം. തിങ്കളാഴ്ച വൈകിട്ട് ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ അക്രമിസംഘം കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞെന്നാണ് പൊലീസിന്റെ നിഗമനം.
ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് വിവരം തിരക്കിയത്. മുന്നിലിരിക്കുന്ന കുഞ്ഞ് അബിഗേല്‍ സാറാ റെജിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ പിങ്ക് പൊലീസിനെയും കൊല്ലം ഈസ്റ്റ് പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു