ബെഗുസരായ് (ബിഹാര്‍): തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മീന്‍ പിടിക്കാനും കുറച്ച് സമയം കണ്ടെത്തി. തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ശേഷമാണ് രാഹുല്‍ ബെഗുസരായ്‌യിലെ ഒരു കുളത്തിലിറങ്ങിയത്.
ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ നേതാവും മുന്‍ മന്ത്രിയുമായ മുകേഷ് സാഹ്നിക്കൊപ്പം രാഹുല്‍ ഒരു വഞ്ചിയില്‍ കുളത്തിന്റെ നടുവിലേക്ക് പോയി.
സാഹ്നി തന്റെ വൈദഗ്ദ്ധ്യം കൊണ്ട് രാഹുലിനെ ആകര്‍ഷിച്ചുകൊണ്ട് വലയെറിഞ്ഞു. പതിവ് വേഷമായ വെളുത്ത ടീ-ഷര്‍ട്ടും കാര്‍ഗോ പാന്റ്‌സും ധരിച്ച രാഹുല്‍ സാഹ്നിക്ക് പിന്നാലെ കുളത്തിലേക്ക് ചാടി. ഇതോടെ ചുറ്റുംകൂടിയവര്‍ രാഹുല്‍ ഗാന്ധി സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചു. നിരവധി മത്സ്യത്തൊഴിലാളികളും സ്ഥലത്തുണ്ടായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യം കോണ്‍ഗ്രസ് തങ്ങളുടെ എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ചു. രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച ചെയ്തതായും പോസ്റ്റില്‍ പറയുന്നു.
മത്സ്യകൃഷിക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി, മത്സ്യബന്ധനം നിരോധിക്കുന്ന ‘മൂന്നുമാസത്തെ കാലയളവില്‍’ ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും 5,000 രൂപയുടെ സാമ്പത്തിക സഹായം തുടങ്ങിയ ഇന്ത്യ സഖ്യത്തിന്റെ വാഗ്ദാനങ്ങളും കോണ്‍ഗ്രസിന്റെ പോസ്റ്റില്‍ എടുത്തുപറയുന്നു.

