കാട്ടുപന്നി ഓട്ടോറിക്ഷാ കുത്തി മറിച്ചുകുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് പരിക്ക്

കാട്ടുപന്നി ഓട്ടോറിക്ഷാ കുത്തി മറിച്ചുകുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് പരിക്ക്

തളിപ്പറമ്ബ്: ഓട്ടോറിക്ഷയ്ക്കു കുറുകെ ചാടിയ കാട്ടുപന്നി ഓട്ടോ കുത്തി മറിച്ചതിനെ തുടര്‍ന്നു കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കു പരുക്കേറ്റു.

പട്ടുവത്തു കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഓട്ടോറിക്ഷാ യാത്രികരായ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്കാണു പരുക്കേറ്റത്. മത്സ്യത്തൊഴിലാളിയായ പട്ടുവം പോത്തട മുതുകുട മടത്തില്‍ നവാസ്(36), ഭാര്യ ബുഷ്‌റ(34), മക്കളായ ആഷിഖ്(8), അല്‍ അമീൻ(5), സഹോദരിയുടെ മകള്‍ ഷഫ്‌ന(11) എന്നിവര്‍ക്കാണു പരുക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വെളിച്ചാങ്കീലിലായിരുന്നു അപകടം. കാട്ടുപന്നി റോഡിനു കുറുകെ ചാടി, ഓട്ടോറിക്ഷ മുൻചക്രത്തില്‍ കുത്തി മറിക്കുകയായിരുന്നു. നവാസായിരുന്നു ഓട്ടോ ഓടിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. പട്ടുവം കടവിനു സമീപം നടന്ന പരിപാടിയില്‍ പങ്കെടുത്ത് ഓട്ടോറിക്ഷയില്‍ തിരിച്ചു പോകുമ്ബോഴാണ് അപകടം.

നവാസിന്റെ കൈമുട്ടിലെ എല്ലുകള്‍ ഇളകിയ നിലയിലാണ്. ഓട്ടോറിക്ഷയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. പട്ടുവം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായകളുടെയും വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായി വരികയാണെന്നു പരാതിയുണ്ട്. ഒട്ടേറെ വീടുകളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ തെരുവുനായ്ക്കള്‍ അക്രമം നടത്തിയിരുന്നു. കാട്ടുപന്നികളും മുള്ളൻപന്നികളും കാര്‍ഷികവിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതും പതിവാണ്.

ജനങ്ങള്‍ക്കു നേരെ കാട്ടുപന്നിയുടെ അക്രമം ആദ്യമായാണു നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, വൈസ് പ്രസിഡന്റ് വി.വി.രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനക്കീല്‍ ചന്ദ്രൻ എന്നിവര്‍ നവാസിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു.

Leave a Reply