കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി എയര്‍ലൈന്‍ കമ്പനിയായ എയര്‍ അറേബ്യ. ‘സൂപ്പര്‍ സീറ്റ് സെയില്‍’ എന്ന പേരിലാണ് ഈ ഓഫർ. വിവിധ സര്‍വീസുകളിലായി അഞ്ച് ലക്ഷം സീറ്റുകളിലാണ് നിരക്ക് ഇളവുള്ളത്.
ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഓഫര്‍ ലഭ്യമാണ്. ഇന്ത്യയില്‍ നിന്ന് യുഎഇയിലെ പ്രധാന മൂന്ന് വിമാനത്താവളങ്ങളായ ഷാര്‍ജ, അബുദാബി, റാസല്‍ ഖൈമ എന്നിവിടങ്ങളിലേക്കുള്ള നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റുകളും മിലാന്‍, വിയന്ന, കെയ്‌റോ, ക്രാക്കോ, ഏഥന്‍സ്, മോസ്‌കോ, ബാക്കു, ടിബിലിസി, നെയ്‌റോബി തുടങ്ങിയ ജനപ്രിയ ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള തുടര്‍ കണക്ഷനുകളും ഈ പ്രമോഷനില്‍ ഉള്‍പ്പെടുന്നു. 5914 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
2025 സെപ്റ്റംബര്‍ 1 മുതല്‍ 2026 മാര്‍ച്ച് 28 വരെയുള്ള യാത്രകള്‍ക്കായുള്ള ബുക്കിങ്ങാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് 2-ന് മുമ്പായി യാത്രക്കാര്‍ക്ക് ഈ പരിമിതകാല ഓഫറില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ജയ്പൂര്‍, നാഗ്പൂര്‍, ഗോവ, കോയമ്പത്തൂര്‍, എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെടുന്ന നോണ്‍-സ്റ്റോപ്പ് വിമാനങ്ങളില്‍ 5914 രൂപയുടെ ഓഫര്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം
-എയര്‍ അറേബ്യയുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക
-പോകേണ്ട സ്ഥലവും തീയതിയും സെലക്ട് ചെയ്യുക
-ഡിസ്‌ക്കൗണ്ട് തുകയുടെ സര്‍വീസ് തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം.
കഴിഞ്ഞ വര്‍ഷം യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന ഈ ഓഫര്‍ വലിയ വിജയമായതിനാലാണ് ഈ വര്‍ഷം വീണ്ടും അവതരിപ്പിക്കുന്നത്. യുഎഇ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലെ 100 വിമാനത്താവളങ്ങളിലേക്കാണ് ഓഫര്‍ ബാധകം.