ലഹരി ഉപയോഗവും അത് മൂലമുള്ള കുറ്റകൃത്യങ്ങളും വ്യാപകമാവുമ്പോൾ യുവതലമുറയെ കാൽപന്തിന്റെ ലഹരിയിലേക്ക് കൊണ്ട് പോകാനുള്ള പുതിയ ഉദ്യമമാണ് പാദൂർ കുഞ്ഞാമു ഹാജി മെമ്മോറിയൽ സെവൻസെന്ന് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസറും പൗരപ്രമുഖനും വെൽഫിറ്റ് ഇന്റർനാഷ്ണൽ ഗ്രൂപ്പ് ചെയർമാനുമായ യഹ്‌യ തളങ്കര. കഴിഞ്ഞ ദിവസം നടന്ന പാദൂർ ട്രോഫിയുടെ സെക്കൻഡ് പോസ്റ്റർ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറ ലഹരിയിലേക്ക് കാൽതെറ്റി വീഴുന്ന സംഭവ വികാസങ്ങൾ വർധിച്ച് വരികയാന്നെന്നും എന്നാൽ അത്തരത്തിലുള്ള തലമുറയെ ഒരു ഫുട്ബോള് കൊണ്ട് കൂടെ നിർത്താനും അവരിലേക്ക് കാൽപന്തിന്റെ ലഹരിയെ മാത്രം ആസ്വദിക്കാനും സജ്ജമാക്കുന്ന തരത്തിലുള്ള നീക്കമാണ് പാദൂർ കുഞ്ഞാമു ഹാജി മെമ്മോറിയൽ സെവൻസെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പ്രശസ്ത ക്ലബ്ബുകളായ തമ്പ് മേൽപറമ്പും ചന്ദ്രഗിരി ക്ലബും സംയുകതമായി ഒരു ടൂർണമെന്റ് നടത്തുമ്പോൾ അവർ ലക്ഷ്യമിടുന്ന സാമൂഹിക അവബോധവും ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേ സമയം, മെയ് എട്ടിനാണ് പാദൂർ ട്രോഫിക്ക് തുടക്കമാവുക. ടൂര്ണമെന്റിന്റെ ഫിക്സറുകളും മത്സരക്രമങ്ങളും ഉടൻ ആരാധകരിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.