കർണാടക ഖനി വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ പ്രതിമ (45) നെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മുൻ ഡ്രൈവർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശി കിരൺ ആണ് അറസ്റ്റിലായത്. ജോലിയിൽ നിന്നും പിരിച്ച് വിട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കിരൺ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തോളമായി കരാർ അടിസ്ഥാനത്തിൽ പ്രതിമയുടെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു കിരൺ. ദിവസങ്ങൾക്ക് മുൻപ് ഇയാളെ പിരിച്ച് വിട്ട് പുതിയ ഡ്രൈവറെ പ്രതിമ നിയമിച്ചിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമായത്. പ്രതിമയെ കുത്തികൊലപ്പെടുത്തിയതിന് ശേഷം ബെംഗളൂരുവിൽ നിന്നും ചാമരാജ്നഗറിലേക്ക് ഇയാൾ കടക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. വൈകുന്നേരം ആറുമണിവരെ ഓഫീസിലുമുണ്ടായിരുന്ന പ്രതിമയെ പുതിയ ഡ്രൈവറാണ് രാത്രി എട്ട് മണിയോടെ വീട്ടിലെത്തിച്ചത്. പ്രതിമയുടെ ഭർത്താവ് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. പ്രതിമയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് രാവിലെ സഹോദരൻ വീട്ടിലെത്തി നോക്കിയപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയിൽ പ്രതിമയെ കണ്ടെത്തിയത്.