ബംഗ്ലാദേശില്‍ പാസഞ്ചര്‍ ട്രെയിനിന് തീ പിടിച്ചതിനെതുടര്‍ന്ന് നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വെള്ളിയാഴ്ച രാത്രി ഒമ്ബതോടെ പടിഞ്ഞാറെ നഗരമായ ജെസോറില്‍ നിന്ന് തലസ്ഥാനമായ ധാക്കയിലേക്ക് വരികയായയിരുന്ന ബെനാപോള്‍ എക്സ്പ്രസിലെ നാല് കോച്ചുകള്‍ക്കാണ് തീ പിടിച്ചത്.
പെട്ടെന്ന് തന്നെ തീ പടര്‍ന്നു. അഗ്നി ശമനസേന എത്തുന്നതിന് മുമ്ബേ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തീയണക്കാൻ രണ്ട് മണിക്കുറോളം എടുത്തതായി റാപിഡ് ആക്ഷൻ ബറ്റാലിയൻ യൂണിറ്റ് പറഞ്ഞു.
ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാൻ ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് ധാക്ക മെട്രോപൊളിറ്റൻ പൊലീസ് മേധാവി മോഹിദ് ഉദ്ദിൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
നൂറോളം പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയതെന്ന് പേരുവെളിപ്പെടുത്താത്ത രക്ഷാപ്രവര്‍ത്തകൻ സുമോയ് ടി.വിയോട് പറഞ്ഞു. ഒരുപാട് പേരെ രക്ഷപ്പെടുത്താനായി. ട്രെയിനില്‍ ഇന്ത്യക്കാരും യാത്ര ചെയ്തിരുന്നെന്നും രക്ഷാപ്രവര്‍ത്തകൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗ്ലാദേശില്‍ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഡിസംബര്‍ 18 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതു മുതല്‍ സംഘര്‍ഷത്തില്‍ ചുരുങ്ങിയത് മൂന്ന് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.