ആദ്യ ഓവറിൽ തന്നെ നാലു വിക്കറ്റ് നേടി പാകിസ്താൻ പേസർ ഷഹീൻ അഫ്രീദി. ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂർണമെന്റായ ട്വന്‍റി20 ബ്ലാസ്റ്റിലാണ് പാക് താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ട്വന്‍റി20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ബൗളർ മത്സരത്തിന്‍റെ ആദ്യ ഓവറിൽ നാല് വിക്കറ്റ് നേടുന്നത്. വാർവിക്ഷയറിനെതിരായ മത്സരത്തിലായിരുന്നു നോട്ടിങ്ഹാംഷയർ താരമായ അഫ്രീദിയുടെ റെക്കോഡ് ബൗളിങ്.
വൈഡോടെയായിരുന്നു അഫ്രീദിയുടെ തുടക്കം. ആ പന്ത് ബൗണ്ടറി ലൈനിലെത്തി. പിന്നാലെ വന്ന ആദ്യ പന്തിൽ വിക്കറ്റ്. തകർപ്പനൊരു ഇൻസ്വിങർ യോർക്കറിൽ ഓപ്പണറായ ഡേവിസ് ഔട്ട്. ആ പന്തിൽ ഡേവിസിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ടാം പന്തിലും വിക്കറ്റ്. മൂന്നാം പന്തിലും നാലാം പന്തിലും ഓരോ റൺസ് വീതം വഴങ്ങി. പിന്നാലെ വന്ന അഞ്ചാമത്തെയും ആറാമത്തെയും പന്തിലും വിക്കറ്റ് നേടി.നാലാം വിക്കറ്റ് ബാറ്ററുടെ സ്റ്റമ്പ് തെറിപ്പിച്ചായിരുന്നു. ആ ഓവർ പൂർത്തിയാകുമ്പോൾ വാർവിക്ഷയറിന്‍റെ സ്കോർ ബോർഡിലുണ്ടായിരുന്നത് നാലു വിക്കറ്റിന് ഏഴു റൺസ്. ഷഹീൻ ആദ്യ ഓവറിൽ തന്നെ സമ്മർദത്തിലാക്കിയെങ്കിലും വാലറ്റത്തിന്റെയും മധ്യനിരയുടെയും ചെറുത്ത് നിൽപ്പിൻ നോട്ടിങ്ഹാംഷയർ ഉയർത്തിയ 169 വിജയലക്ഷ്യം വാർവിക്ഷയർ മറികടന്നു.