പാലക്കാട്: ചിറ്റൂര്‍ വണ്ണാമടയില്‍ നാലുവയസുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതൃസഹോദരന്റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.
കൊഴിഞ്ഞാമ്ബാറ വണ്ണാമട തുളസി നഗര്‍ വൈഗ നിവാസില്‍ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസ്(29) ആണ് അറസ്റ്റിലായത്.
കൊലപാതകത്തിനു ശേഷം ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പ്പിച്ച പ്രതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കൊഴിഞ്ഞാമ്ബാറ പോലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് വൈകീട്ട് മൂന്നരയോടെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം അന്വേഷണത്തോട് സഹകരിക്കാന്‍ പ്രതി തയാറായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 11 ന് രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വണ്ണാമട തുളസി ഗാര്‍ഡന്‍ കല്ലാഴി വീട്ടില്‍ ആര്‍. മധുസൂദനന്റെയും ആതിരയുടെയും ഏക മകന്‍ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. മധുസൂദനന്റെ അമ്മ പത്മാവതിക്ക് അസുഖത്തെത്തുടര്‍ന്ന് അച്ഛന്‍ രവീന്ദ്രനും ആതിരയും ബാലകൃഷ്ണനും ദീപ്തിയും രണ്ടുകുട്ടികളുമടക്കം നാട്ടുകല്ലിലെ ആശുപത്രിയിലേക്കു പോയിരുന്നു. തിരികെ എത്താന്‍ വൈകുമെന്നതിനാല്‍ ദീപ്തിയെയും മകളെയും ഋത്വിക്കിനെയും അവരുടെ വീട്ടിലെത്തിച്ചു. ആശുപത്രിയിലേക്കു പോയവര്‍ രാത്രി 10 മണിയോടെ തിരികെ എത്തിയപ്പോള്‍ വാതിലുകളെല്ലാം അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.
ബഹളം വച്ചതിനെത്തുടര്‍ന്ന് ബാലകൃഷ്ണന്റെ അഞ്ചു വയസുകാരിയായ മകള്‍ പിന്‍വാതില്‍ തുറന്ന് വീട്ടുകാര്‍ അകത്തുകയറിയപ്പോഴാണ് ചലനമറ്റു കിടക്കുന്ന ഋത്വിക്കിനെ കണ്ടത്. സമീപത്തായി ദീപ്തിയെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലുംകണ്ടെത്തി. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഋത്വിക് മരിച്ചു. ദീപ്തിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇന്നലെ വൈകീട്ട് ഒറ്റപ്പാലം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.