‘വനിതാ മജിസ്‌ട്രേറ്റിന്റെ’ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് മാട്രിമോണിയൽ സൈറ്റിൽ കണ്ടുമുട്ടിയ പുരുഷന്മാരെ തട്ടിപ്പിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് പ്രതികളെ മുംബൈ സൈബർ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.
നേരത്തെ നിരവധി തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സുനിൽ മോദി (67), സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിച്ച് ആളുകളെ കബളിപ്പിക്കുന്ന സങ്കേത് ചവാൻ (23) എന്നീ പ്രതികളെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും ആർതർ റോഡ് ജയിലിൽ വച്ചാണ് കണ്ടുമുട്ടുന്നത്. മാട്രിമോണിയൽ സൈറ്റിൽ, 21 വയസ്സുകാരിയും മജിസ്‌ട്രേറ്റുമായ ‘അശ്വിനി മനോഹർ പണ്ഡിറ്റ്’ എന്ന പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണെന്ന് കാണിച്ച് വ്യാജരേഖകൾ പോലും ഉണ്ടാക്കിയതായി ഉദ്യോഗസ്ഥർ പറയുന്നു. പണം നൽകിയില്ലെങ്കിൽ ഇരകൾക്കെതിരെ വാറന്റ് പുറപ്പെടുവിക്കുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തുകയും ഭീഷണിയുടെ വിശ്വാസ്യത തെളിയിക്കാൻ വ്യാജ വാറന്റുകൾ സൃഷ്ടിക്കുകയും ചെയ്തു.
തിങ്കളാഴ്ചയാണ് ഇരുവരെയും പിടികൂടിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡി സ്വാമി പറഞ്ഞു. സമാനമായ രീതിയിൽ തട്ടിപ്പിനിരയായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ നൽകിയ പരാതിയെ തുടർന്നാണ് ഇൻസ്‌പെക്ടർ സുവർണ ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവർ ജയിലിൽ വച്ച് കണ്ടുമുട്ടുകയും, മോചിതരായ ശേഷം ഒരുമിച്ച് തട്ടിപ്പുനടത്തുകയുമാണ് ചെയ്തത്.
ഈ വർഷം ആദ്യം ജാമ്യത്തിലിറങ്ങി വ്യാജ രേഖകൾ സൃഷ്ടിക്കാമെന്ന് സുനിൽ മോദി, സങ്കേത് ചവാനോട് പറഞ്ഞിരുന്നു. അശ്വിനി പണ്ഡിറ്റ് എന്നയാൾ നഗരത്തിലെ മജിസ്‌ട്രേറ്റ് ആണെന്ന തരത്തിൽ, രേഖകൾ കോടതി സ്റ്റാമ്പുകൾ ഉപയോഗിച്ച് സൃഷ്ടിച്ചു. ഈ രേഖകളുടെ അടിസ്ഥാനത്തിൽ, നാസിക്കിലുള്ള സ്ത്രീയുടെ ഫോട്ടോ ഉപയോഗിച്ച് ഒരു വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചു. എന്നാൽ പെട്ടെന്നായിരുന്നു പ്രൊഫൈൽ ശ്രദ്ധനേടിയത്.
“വലയിൽ വീഴാൻ സാദ്ധ്യതയുള്ള ഇരകളെ സങ്കേത് സ്ത്രീയുടെ ശബ്ദത്തിൽ ഫോണിൽ വിളിക്കുകയും അശ്വനി എന്ന രീതിയിൽ സംസാരിക്കുകയും ചെയ്യും. തുടർന്ന് ആശുപത്രിയില്‍ പോകാനായി ഇറങ്ങിയെന്നും പേഴ്സ് എടുക്കാൻ മറന്നു പോയെന്നും പറയും. തുടർന്ന് ഇരകളിൽ നിന്ന് പണം ആവശ്യപ്പെടും. പണം നൽകാത്തവരെ ഭീക്ഷണിപ്പെടുത്തുകയും ഇവർക്കെതിരെ വാറന്റ് ഇറക്കിയെന്ന തരത്തിൽ വ്യാജ രേഖകളുടെ ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്യും. വലയിലാകുന്നവർ പണം അയച്ചു നൽകും,” പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നാസിക്, രത്നഗിരി, മുംബൈ തുടങ്ങി സംസ്ഥാനത്തുടനീളമുള്ള ആളുകൾ തട്ടിപ്പിന് ഇരയായതായി പോലീസ് കണ്ടെത്തി. കൂടുതൽ ഇരകളെ കണ്ടെത്താൻ, അന്വേഷണ ഉദ്യോഗസ്ഥർ വ്യാജ പ്രൊഫൈലുപയോഗിച്ച് ഇവർ ബന്ധപ്പെട്ട ആളുകളെ തിരയുകയാണ്.