മുന്‍ കാമുകനെ കുടുക്കാന്‍ കാറില്‍ കഞ്ചാവ് ഒളിപ്പിച്ചു; യുവതിയും കൂട്ടുകാരും പിടിയില്‍

മുന്‍ കാമുകനെ കുടുക്കാന്‍ കാറില്‍ കഞ്ചാവ് ഒളിപ്പിച്ചു; യുവതിയും കൂട്ടുകാരും പിടിയില്‍

ഹൈദരാബാദ്: മുന്‍ കാമുകനെ കേസില്‍ കുടുക്കാന്‍ കാറില്‍ കഞ്ചാവ് ഒളിപ്പിച്ച യുവതിയും കൂട്ടുകാരും പിടിയില്‍. കാമുകന്‍ തന്നെ അവഗണിക്കുന്നതിന് പ്രതികാരമായാണ് യുവതി കൂട്ടുകാര്‍ക്കൊപ്പം പദ്ധതി ആവിഷ്‌കരിച്ചത്.

റിങ്കി എന്ന 26കാരിയാണ് മുന്‍ കാമുകന്‍ ശ്രാവണ്‍ കുമാറിനെ കുടുക്കാനായി കാറില്‍ കഞ്ചാവ് ഒളിപ്പിച്ചത്. നിയമ വിദ്യാര്‍ഥിയായ റിങ്കി ഹൈദരാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണ്.

തന്റെ സുഹൃത്തുക്കളായ ദീപക് മോഹന്‍ (30), യശ്വന്ത് സായ് (21) എന്നിവരുമായി ചേര്‍ന്ന് ശ്രാവണിനെ കഞ്ചാവ് കേസില്‍ കുടുക്കാനായി പദ്ധതികള്‍ ആവിഷ്‌കരിച്ചു. മറ്റു ചില പൊതുസുഹൃത്തുക്കളെയും കൂട്ടി മംഗല്‍ഹട്ട് പ്രദേശത്തുനിന്ന് 4000 രൂപക്ക് 40 ഗ്രാം കഞ്ചാവ് വാങ്ങി.

തുടര്‍ന്ന് ശ്രാവണിനെ അനുനയത്തില്‍ അമീര്‍പേട്ടിലെ പാര്‍ക്കിലേക്ക് ക്ഷണിച്ചു. അവിടെയെത്തിയശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ശ്രാവണിനെയും കൂട്ടി ബഞ്ചാര ഹില്‍സിസിലെ പബ്ബിലെത്തി. ഇതിനിടയില്‍ കഞ്ചാവുപൊതി കാറില്‍ ഒളിപ്പിച്ചു. എല്ലാവരും പബ്ബിലിരിക്കുന്ന സമയത്ത് റിങ്കി തനിക്കറിയുന്ന ഒരു പോലീസുകാരനെ വിളിച്ച്‌ ശ്രാവണ്‍ എന്നുപേരുള്ള യുവാവ് കഞ്ചാവ് വില്‍പന നടത്തുന്നതായി അറിയിച്ചു. കഞ്ചാവ് പൊതികള്‍ അയാളുടെ കാറിനുള്ളിലുണ്ടെന്നു പറഞ്ഞ റിങ്കി, കാറിന്റെ
നമ്ബറും പോലീസിന് നല്‍കി.

പോലീസ് സ്ഥലത്തെത്തി കാര്‍ പരിശോധിച്ചു. കാറിനുള്ളില്‍നിന്ന് എട്ടു ഗ്രാം വീതമുള്ള അഞ്ച് കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു. തുടര്‍ന്ന് ശ്രാവണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തനിക്കൊന്നുമറിയില്ലെന്നും ഒപ്പം പബ്ബിലേക്കുവന്നവരില്‍ ആരെങ്കിലും ഒളിപ്പിച്ചുവച്ചതാകാമെന്നാണ് തന്റെ സംശയമെന്നും ന്നും ശ്രാവണ്‍ പോലീസിനോട് പറഞ്ഞു. കാറില്‍ സഞ്ചരിച്ചവരെ കണ്ടെത്തി പോലീസ് അവരെ ചോദ്യം ചെയ്തു. അല്‍പനേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ തങ്ങളാണ്കാറില്‍ കഞ്ചാവ് ഒളിപ്പിച്ചതെന്ന് റിങ്കിയും സുഹൃത്തുക്കളും സമ്മതിക്കുകയായിരുന്നു.

റിങ്കിയെയും അവരെ സഹായിച്ച ആറുപേരെയും ജൂബിലി ഹില്‍സ് പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് മോഹന്‍, യശ്വന്ത് സായ് എന്നിവര്‍ക്കുപുറമെ ദീക്ഷിത് റെഡ്ഡി, പ്രണീത് ടോപി, സൂര്യ തേജ, മഹേന്ദര്‍ യാദവ് എന്നിവരാണ് അറസ്റ്റിലായ മറ്റുളളവര്‍.

Leave a Reply