ഒളിംപിക്സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ‘ഗുഡ്‌ബൈ റസ്ലിങ്, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങൾ തകർന്നു’. ഗുസ്തിയോട് വിടപറയുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചാണ് വിനേഷ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. വിധി അനുകൂലമെങ്കിൽ വിനേഷ് വെള്ളി മെഡൽ പങ്കിടും.
ഗുസ്തിയിൽ ഇന്ത്യയുടെ ഉറച്ച സ്വർണ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിന് മുൻപ് അയോഗ്യയാക്കിയ നടപടി ഒളിംപിക്സിൽ ഇന്ത്യക്ക് കടുത്ത ആഘാതമായിരുന്നു. ഭാരപരിശോധനയിൽ 100 ഗ്രാം അധികം കണ്ടെത്തിയത്തോടെയായിരുന്നു നടപടി. ഗുസ്തി ഫ്രീസ്റ്റൈൽ 50 കിലോ വിഭാഗത്തിൽ മൽസരങ്ങളുടെ ആദ്യ ദിവസം രാവിലെ നടന്ന ഭാരപരിശോധനയിൽ 49.9 കിലോ ആയിരുന്നു വിനേഷ് ഫോഗറ്റിന്റെ ഭാരം. 3 മത്സരങ്ങളിൽ പങ്കെടുത്ത വിനേഷ് നിർജലീകരണം തടയാൻ വെള്ളം കുടിക്കുകയും വേഗം ഊർജം ലഭിക്കുന്ന പ്രോട്ടീൻ ഭക്ഷണം കഴിക്കുകയും ചെയ്തു. രാത്രി ഏഴിനു ശേഷം നടന്ന സെമിയിലൂടെ
ഫൈനൽ ഉറപ്പിച്ച വിനേഷ്, പിന്നാലെ പരിശീലകർക്കൊപ്പം നടത്തിയ ഭാരപരിശോധനയിൽ 52.7 കിലോയുണ്ടെന്ന് കണ്ടെത്തി. ഇതോടെ ഭാരം കുറയ്ക്കാൻ കഠിനപരിശ്രമം നടത്തി.
എന്നാൽ ഭാരപരിശോധനയിൽ പരിശോധനായിൽ 100 ഗ്രാം ശരീര ഭാരം കൂടുതൽ എന്ന് സ്ഥിരീകരിച്ചു. ഉടൻ തന്റെ മുടി മുറിച്ച് ഭാരം കുറയ്ക്കാൻ വിനേഷ് ശ്രമിച്ചെങ്കിക്കും ഫലം ഉണ്ടായില്ല. അല്പസമയം കൂടി നൽകണമെന്ന് ഇന്ത്യൻ സംഘം അഭ്യർത്ഥിച്ചെങ്കിലും ചട്ടത്തിൽ ഇളവ് നൽകില്ലെന്ന് അധികൃതർ നിലപാട് എടുക്കുകയായിരുന്നു.