ന്യൂഡല്‍ഹി: ഹജ്ജ് നടപടികള്‍ ലളിതമാക്കുമെന്നും എല്ലാവര്‍ക്കും പ്രാപ്യമാക്കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനി.
സൗദി അറേബ്യയുടെ ഹജ്ജ് വകുപ്പ് മന്ത്രി തൗഫീഖ് ബിന്‍ ഫവ്‌സാന്‍ അല്‍ റാബ്യയുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. സമൂഹത്തിലെ എല്ലാവര്‍ക്കും പ്രാപ്യമാകുന്ന തരത്തില്‍ ഹജ്ജ് നടപടികള്‍ സുഗമമാക്കുമെന്നും മന്ത്രി പറഞ്ഞു.” ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വളരെ ആഴത്തിലുള്ള ചര്‍ച്ചകളാണ് നടന്നത്. ഹജ്ജ് നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിനെപ്പറ്റിയും ചര്‍ച്ച നടന്നു,” സ്മൃതി ഇറാനി പറഞ്ഞു.
” ഹജ്ജ് തീര്‍ത്ഥാടനത്തിനായി പൂര്‍ണ സഹകരണം കാഴ്ചവെയ്ക്കുന്ന സൗദി അറേബ്യയുടെ നിലപാടിനെ അഭിനന്ദിക്കുന്നു. പ്രത്യേകിച്ച് 2023ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി രാജ്യം ചെയ്ത കാര്യങ്ങള്‍ പ്രശംസയര്‍ഹിക്കുന്നു. ഏകദേശം 47 ശതമാനം സ്ത്രീകളാണ് കഴിഞ്ഞ തവണ ഹജ്ജ് തീര്‍ത്ഥാടനം നടത്തിയത്. lady without maharam കാറ്റഗറിക്കു കീഴില്‍ കീഴില്‍ 4000ഓളം സ്ത്രീകളാണ് തീര്‍ത്ഥാടനത്തിനെത്തിയത്,” സ്മൃതി ഇറാനി പറഞ്ഞു. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. 2024 വര്‍ഷത്തെ ഹജ്ജ് നയം പുറത്തിറക്കിയതായും മന്ത്രി അറിയിച്ചു.
അതേസമയം ഉംറയ്ക്കായി എത്തുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യ നാല് ദിവസത്തെ സ്റ്റോപ്പ് ഓവര്‍ വിസ അനുവദിച്ചിട്ടുണ്ട്. സൗദിയുടെ ഹജ്ജ്-ഉംറ വകുപ്പ് മന്ത്രി തൗഫീഖ് ബിന്‍ ഫവ്‌സാന്‍ അല്‍ റാബ്യ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെ ഏതെങ്കിലും നഗരം സന്ദര്‍ശിക്കാനോ ഉംറ നിര്‍വ്വഹിക്കാനോ ഈ വിസയിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായാണ് ഈ പരിഷ്‌കാരം. സൗദി അറേബ്യയുടെ ഈ തീരുമാനം ലോകമെമ്ബാടുമുള്ള മുസ്ലീങ്ങളുടെ മതപരമായ തീര്‍ത്ഥാടന അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മാസം ദൈര്‍ഘ്യമുള്ള വിസയാണ് ഉംറ തീര്‍ത്ഥാടനത്തിനായി അനുവദിക്കുന്നത്. ഇതിലൂടെ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലുടനീളം സഞ്ചരിക്കാനും കഴിയും. മികച്ച തീര്‍ത്ഥാടന അനുഭവം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും തൗഫീഖ് ബിന്‍ ഫവ്‌സാന്‍ അല്‍ റാബ്യ പറഞ്ഞു. ഉംറ തീര്‍ത്ഥാടനം കാര്യക്ഷമമാക്കുന്നതിനായി മികച്ച അടിസ്ഥാന സൗകര്യങ്ങളും മറ്റും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനായി സാങ്കേതികവിദ്യയെ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി വിഷന്‍ 2030ന്റെ ഭാഗമായാണ് ഈ മുന്നേറ്റം.
” ഉംറ ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ എന്‍ട്രി വിസ ലഭിക്കും. ജോലി, ടൂറിസ്റ്റ്, ഉംറ വിസ എന്നിവയുപയോഗിച്ച് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഉംറ ചടങ്ങുകള്‍ നിര്‍വ്വഹിക്കാനാകും,” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉംറ തീര്‍ത്ഥാടനം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്നത് ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരത്തിന് തുടക്കം കുറിച്ചത്.
ഉംറ ചടങ്ങുകള്‍ ചെയ്യാനെത്തുന്നവര്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തീര്‍ത്ഥാടകര്‍ക്ക് രണ്ട് പരിശുദ്ധ മസ്ജിദുകളിലേക്കുള്ള സഞ്ചാരം സുഗമമാക്കുന്നതിനെപ്പറ്റിയും ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ-സൗദി അറേബ്യ സഹകരണം ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉംറ നിര്‍വ്വഹിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ഇന്ത്യയില്‍ മൂന്ന് വിസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സൗദി ഹജ്ജ് വകുപ്പ് മന്ത്രി തൗഫീഖ് ബിന്‍ ഫവ്‌സാന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് കേന്ദ്രവിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.” ഈ വര്‍ഷം ആദ്യം തന്നെ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കായി ഹജ്ജ് ക്രമീകരണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് സൗദി അറേബ്യന്‍ നേതൃത്വത്തെ അഭിനന്ദിക്കുന്നു,” എന്നും വി മുരളീധരന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെയും ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉയരത്തിലേക്ക് എത്തിച്ചുവെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.


 
                                         
                                        