വിവാഹശേഷം പെൺസുഹൃത്തിനെ കാണാൻ പോയി; യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

വിവാഹശേഷം പെൺസുഹൃത്തിനെ കാണാൻ പോയി; യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

ലഖ്‌നൗ: ഉത്തർപ്രദേശിൽ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ദുരഭിമാനക്കൊല. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചയച്ച പെൺസുഹൃത്തിനെ കാണാനെത്തിയ 35-കാരനായ യുവാവിനെ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കെട്ടിയിട്ട് തല്ലിക്കൊന്നു. 18-കാരിയായ മനീഷയെ കാണാനെത്തിയ രവി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിനിരയായ രവിയെ പിടികൂടി കെട്ടിയിട്ട ശേഷം വടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ഈ ദാരുണമായ കൃത്യത്തിൽ വീട്ടുകാർക്കൊപ്പം നാട്ടുകാരും ചേർന്നതായി അധികൃതർ പറയുന്നു. ഗുരുതരമായി പരിക്കേറ്റ രവി വെള്ളം ആവശ്യപ്പെട്ടിട്ടും നൽകാൻ പോലും ആരും തയ്യാറായില്ലെന്നും റിപ്പോർട്ടുകളുണ്ട്.

രവി കൊല്ലപ്പെട്ടതോടെ, കൊലപാതകക്കുറ്റം മറച്ചുവെക്കാൻ വീട്ടുകാർ ഒരു തന്ത്രം മെനഞ്ഞതായി പൊലീസ് പറയുന്നു. മനീഷയുടെ അമ്മാവനായ പിന്റു എന്നയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി വരുത്തിത്തീർത്ത് ഇയാൾക്ക് പരിക്കേറ്റ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് രവിയെയും പിന്റുവിനെയും മൗദഹയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും, രവി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർ ചികിത്സയ്ക്കായി പിന്റുവിനെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. പിന്റുവിനെ ആക്രമിച്ചത് രവിയാണെന്നാണ് മനീഷയുടെ കുടുംബം ആരോപിക്കുന്നത്.

Leave a Reply