മക്ക | ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനിടെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജെല്‍ അറിയിച്ചു.
ജമറാത്ത് ആരോഗ്യ മേഖലയുടെ സൂപ്പര്‍വൈസര്‍ അബ്ദുല്ല അല്‍ ഹാരിതിയാണ് മിനായില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനിടെ മരണപ്പെട്ടത്.
ജമറാത്ത് പാലത്തില്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും ആരോഗ്യ പദ്ധതികള്‍ തയ്യാറാക്കുന്നതിനും ആരോഗ്യ മേഖലയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനും എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും തീര്‍ഥാടകരെ സേവിക്കാന്‍ തന്റെ ടീമിനൊപ്പം സജ്ജരായിരിക്കുക എന്ന തന്റെ ദൗത്യം മിനായില്‍ വച്ച് മരിക്കുന്നതുവരെ അബ്ദുല്ല അല്‍ ഹാരിതി നിറവേറ്റിയെന്ന് ആരോഗ്യ മന്ത്രലയം വ്യക്തമാക്കി.
ഇന്‍വെന്ററി കണ്‍ട്രോള്‍ മാനേജ്മെന്റിന്റെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടറായും കിംഗ് ഫൈസല്‍ കോംപ്ലക്സിലെ ക്ലിനിക്ക് മാനേജരായും അല്‍-ഹാരിതി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്ക ഹെല്‍ത്ത് ക്ലസ്റ്ററില്‍ മികച്ച അംഗീകാരം നേടിയ അദ്ദേഹം ഹജ്ജിനുള്ള ആരോഗ്യ സേവനങ്ങളില്‍ വിപുലമായ അനുഭവ സമ്ബത്തിന് ഉടമ കൂടിയായിരുന്നു. ഹജ്ജ് വേളയില്‍ ആരോഗ്യ മേഖലകളില്‍ നേതൃത്വപരമായ പങ്കുവഹിച്ച അനുഭവസമ്ബത്ത് മുന്‍നിര്‍ത്തിയാണ് പുണ്യസ്ഥലങ്ങളിലെ സേവനത്തിന് അദ്ദേഹത്തെ നിയോഗിച്ചത്.