കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു. മലപ്പുറം ജില്ലയില്‍ ഇന്നും കോഴിക്കോട്, വയനാട്, കണ്ണൂർ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു. ഞായര്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളും നിലവിലുണ്ട്.
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ വകുപ്പിന്റെ നിര്‍ദേശം.