സംസ്ഥാനത്ത്  നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തി പ്രാപിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ അനുഭവപ്പെടുന്നുണ്ടെങ്കിലും, ഇന്ന് ഒരു ജില്ലകള്‍ക്കും പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

അതേസമയം, നാളെ മുതല്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നതാണ്. തെക്കൻ ആൻഡമാൻ കടലിനു മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി മാറിയത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ വ്യാഴാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും.

തുടര്‍ന്ന് വടക്ക്-പടിഞ്ഞാറൻ ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം പിന്നീടുള്ള 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുന്നതാണ്. അതിനാല്‍, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍, തെക്കൻ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി മറ്റൊരു ചക്രവാതച്ചുഴി കൂടി നിലനില്‍ക്കുന്നുണ്ട്.

Leave a Reply