സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; വയനാട് റെഡ് അലർട്ട്, എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; വയനാട് റെഡ് അലർട്ട്, എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. വയനാട് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തില്‍ മഴ കനക്കുന്നുമെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. 

നാളെ കോട്ടയം മുതൽ കാസർകോട് വരെയുള്ള പത്ത് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടാണ്. പെട്ടെന്നുള്ള കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മലയോരമേഖലകളിൽ ജാഗ്രത വേണം. മലവെള്ളപ്പാച്ചിൽ കരുതിയിരിക്കണം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. കേരള തീരത്ത് പടിഞ്ഞാറൻ/വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായാണ് കനത്ത മഴ തുടരുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റന്നാളോടെ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെട്ടേക്കും.

അതേസമയം, സംസ്ഥാനത്ത് നദികളിൽ ജലനിരപ്പ് ഉയരുന്നുകയാണ്. പത്തനംതിട്ടയിലെ മണിമല നദിയിൽ കല്ലൂപ്പാറ സ്റ്റേഷനിൽ  കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അച്ചൻകോവിൽ  തുമ്പമൺ, മണിമല പുല്ലാക്കയർ, തൊടുപുഴ മണക്കാട് സ്റ്റേഷനുകളിലും യെല്ലോ അലർട്ട് ഉണ്ട്. കരുവന്നൂർ പാലകടവ് സ്റ്റേഷൻ, ഗായത്രി കൊണ്ടാഴി സ്റ്റേഷനിലും യെല്ലോ അലർട്ടാണ്.

ഓറഞ്ച് അലർട്ട്

18-07-2024: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്

19-07-2024: കോഴിക്കോട്, കണ്ണൂർ, കാസര്‍കോട്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട്

18-07-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
19-07-2024: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,  വയനാട്
20-07-2024: കോഴിക്കോട്, കണ്ണൂർ, കാസര്‍കോട്
22-07-2024: ർകണ്ണൂർ, കാസര്‍കോട്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Leave a Reply