കൊച്ചി: മറിയക്കുട്ടിയുടെ ക്ഷേമപെന്‍ഷന്‍ കേസിൽ സര്‍ക്കാരിനെതിരെ ഹൈക്കോടതി. ഹർജി രാഷ്ടീയ പ്രേരിതമാണെന്ന സർക്കാർ നിലപാടിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. മറിയക്കുട്ടി ചോദിക്കുന്നത് ഔദാര്യമല്ലെന്നും, അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി രാഷ്ട്രീയപ്രേരിതമെന്ന സര്‍ക്കാര്‍ നിലപാട് കഷ്ടമാണ്. രാഷ്ട്രീയപ്രേരിതമെന്ന് പറയുന്നത് ഞെട്ടിപ്പിക്കുന്നതും ഹൃദയഭേദകവുമാണ്. വൃദ്ധയായ സ്ത്രീയെ പഴിചാരുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്.
5 മാസമായി വിധവാപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. അതേസമയം, പെൻഷൻ നൽകാൻ ഇപ്പോള്‍ പണമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്രത്തില്‍ നിന്ന് 750 കോടി രൂപ വീതം കിട്ടാനുണ്ട്. പണം വരുന്നതിന് അനുസരിച്ച് കൊടുക്കാം, ഇപ്പോള്‍ നിര്‍വാഹമില്ല. ഹര്‍ജിക്കാരിക്ക് മാത്രമായി ഉത്തരവ് പാസാക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരും കോടതിയും തമ്മില്‍ വാഗ്വാദം നടന്നു. പലരും ഹര്‍ജിക്കാരിയെ സഹായിക്കാന്‍ വന്നിട്ടുണ്ടെന്ന് സർക്കാർ പറഞ്ഞത് കോടതിയെ പ്രകോപിപ്പിച്ചു. എന്നെയാണോ ഉദ്ദേശിച്ചതെന്നായി കോടതി. അല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
നിങ്ങള്‍ക്ക് എതിരാണ് ഞാനെന്ന് കരുതിയാല്‍ എനിക്കൊന്നുമില്ലെന്ന് കോടതി മറുപടി നൽകി. കോടതിക്ക് ജനങ്ങളുടെ കൂടെ നിന്നേ പറ്റൂ. ആരുടെയും കാരുണ്യം ആവശ്യമില്ലെന്ന് മറിയക്കുട്ടി നിലപാടെടുത്തു. തന്റെ അവകാശമാണ് ചോദിച്ചതെന്നും മറിയക്കുട്ടി പ്രതികരിച്ചു. മറിയക്കുട്ടിക്ക് മറ്റുള്ളവര്‍ പണം നല്‍കുന്നുവെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു.
ഇതോടെ പറഞ്ഞ വാക്കുകൾ പിന്‍വലിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജിക്കാരിക്ക് സഹായം കിട്ടുന്നത് കൊണ്ട് പെന്‍ഷന്‍ ആവശ്യമില്ലെന്നാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായം വേണോ എന്ന് മറിയക്കുട്ടിയുടെ അഭിഭാഷക അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് മാറ്റി.