മാള്‍ഡയില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പറ്റില്ല; രാഹുല്‍ ഗാന്ധിക്ക് ബംഗാളില്‍ അനുമതി നിഷേധിച്ച്‌ മമത ബാനര്‍ജി

മാള്‍ഡയില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പറ്റില്ല; രാഹുല്‍ ഗാന്ധിക്ക് ബംഗാളില്‍ അനുമതി നിഷേധിച്ച്‌ മമത ബാനര്‍ജി

കൊല്‍ക്കത്ത : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് അറിയിച്ചതിനു പിന്നാലെ രാഹുല്‍ ഗാന്ധിക്ക് ബംഗാളില്‍ അനുമതി നിഷേധിച്ച്‌ മുഖ്യമന്ത്രി മമത ബാനര്‍ജി.

രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയോടനുബന്ധിച്ച്‌ ബംഗാളില്‍ എത്തുന്നതിനാണ് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനോട് അനുമതി തേടിയിരുന്നത്.

31ന് മാള്‍ഡ ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കണമെന്നാണ് ജില്ലാ കോണ്‍ഗ്രസ് ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഈ ദിവസം ന്യായ് യാത്ര ബംഗാളില്‍ എത്തിച്ചേരും. എന്നാല്‍ അന്നേദിവസം മുഖ്യമന്ത്രി മമത ബാനര്‍ജി മാള്‍ഡ സന്ദര്‍ശിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. നേരത്തെ ബഹ്‌റാംപൂരിലും രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ പശ്ചിമബംഗാളിലെ 42 സീറ്റുകളിലും ടിഎംസി തനിച്ചാണ് മത്സരിക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി അറിയിച്ചിരുന്നു. ഇന്‍ഡി മുന്നണിയില്‍ ഉള്‍പ്പെട്ട ടിഎംസി തനിച്ചാണ് മത്സരിക്കുന്നതെന്ന് വ്യക്തമാക്കിയതോടെയാണ് മുന്നണിക്കുള്ളിലെ പിളര്‍പ്പ് പുറത്തേക്ക് വന്നത്. മുമ്ബ് രണ്ട് സിറ്റിങ് സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്ന് മമത അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത് വിസമ്മതിക്കുകയാണ് ചെയ്തത്.

കോണ്‍ഗ്രസിനോട് 300 സീറ്റുകളില്‍ തനിച്ച്‌ മത്സരിക്കാനും അവശേഷിക്കുന്ന സീറ്റുകള്‍ സ്വാധീനമുള്ള പ്രാദേശിക കക്ഷികള്‍ക്ക് കൈമാറാനും താന്‍ നിര്‍ദേശിച്ചെങ്കിലും തങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചതെന്ന് പിന്നീട് കൊല്‍ക്കത്തയിലെ പൊതുറാലിയില്‍ മമത ആരോപിച്ചു. ഇടതിനോട് കോണ്‍ഗ്രസ് അടുത്തു നില്‍ക്കുന്നതാണ് മുന്നണിയില്‍ നിന്നും മമത വിട്ടു നില്‍ക്കാനുള്ള കാരണമെന്നും പറയുന്നുണ്ട്.

അതേസമയം സിപിഎമ്മിനൊഴികെയുള്ളവര്‍ക്ക് ഇന്‍ഡി മുന്നണി സഖ്യം വേണ്ടെന്നാണ് നിലപാട്. ആംആദ്മി പാര്‍ട്ടിയും ഡിഎംകെയും ഇന്‍ഡി മുന്നണിക്കൊപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ജനതാദള്‍ (യു) നേതാവ് കോണ്‍ഗ്രസ്സിനൊപ്പമുള്ള സഖ്യം ഉപേക്ഷിച്ച്‌ എന്‍ഡിഎയ്‌ക്കൊപ്പം ചേരുകയും ചെയ്തിരുന്നു.

Leave a Reply