ചെന്നൈ: സംഗീതസംവിധായകൻ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി (47) അന്തരിച്ചു. അസുഖബാധിതയായിരുന്ന ഭവതാരിണി ശ്രീലങ്കയില്‍ ചികിത്സക്കിടെയാണ് മരിച്ചത്.
മൃതദേഹം നാളെ ചെന്നൈയിലെത്തിക്കും.
1976ലാണ് ജനനം.1995ല്‍ പുറത്തിറങ്ങിയ രാസയ്യ എന്ന ചിത്രത്തിന് വേണ്ടിയാണ് ഭവതാരിണി സിനിമയില്‍ ആദ്യമായി പാടിയത്. 2000ല്‍ ഭാരതി എന്ന തമിഴ് സിനിമയിലെ മയില്‍ പോല പൊണ്ണ് ഒണ്ണ് എന്ന തമിഴ് ഗാനത്തിന് ആ വർഷത്തെ മികച്ച ഗാനത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചിരുന്നു. പിതാവ് ഇളയരാജയാണ് ഈ ഗാനത്തിന്‍റെ സംഗീതസംവിധാനം. 2002ല്‍ രേവതി സംവിധാനം ചെയ്ത ‘മിത്ര്’ എന്ന ചിത്രത്തിലെ പാട്ടുകള്‍ക്കാണ് ആദ്യമായി സംഗീതം നല്‍കിയത്. തുടർന്ന് നിരവധി സിനിമകളില്‍ ഈണം പകരുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. സഹോദരങ്ങളായ കാർത്തിക് രാജയുടെയും യുവൻ ശങ്കർ രാജയുടെയും സംഗീതത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പരസ്യ എക്സിക്യൂട്ടീവായ ആർ. ശബരിരാജാണ് ഭർത്താവ്.
മലയാളത്തിലും പാട്ടുകള്‍ പാടിയിട്ടുണ്ട്. ‘കളിയൂഞ്ഞാല്‍’ എന്ന ചിത്രത്തിലെ ‘കല്യാണപ്പല്ലക്കില്‍ വേളിപ്പയ്യൻ’ എന്ന ഗാനം ഭവതാരിണി പാടിയതാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി പാടിയിട്ടുണ്ട്.