പിഎസ് സി പരീക്ഷയിലെ ആള്‍മാറാട്ടം; പ്രതികളായ സഹോദരങ്ങള്‍ക്ക് പ്രൊഡക്ഷൻ വാറണ്ട്; 15 ന് പ്രതികളെ ഹാജരാക്കാൻ ജയില്‍ സൂപ്രണ്ടിന് അന്ത്യ ശാസനം

പിഎസ് സി പരീക്ഷയിലെ ആള്‍മാറാട്ടം; പ്രതികളായ സഹോദരങ്ങള്‍ക്ക് പ്രൊഡക്ഷൻ വാറണ്ട്; 15 ന് പ്രതികളെ ഹാജരാക്കാൻ ജയില്‍ സൂപ്രണ്ടിന് അന്ത്യ ശാസനം

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ആള്‍മാറാട്ടത്തില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് പ്രൊഡക്ഷൻ വാറണ്ട്.

തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സാ കാതറിൻ ജോർജിന്റേതാണുത്തരവ്. 15 ന് പ്രതികളെ ജയില്‍ സൂപ്രണ്ട് ഹാജരാക്കാൻ കോടതി അന്ത്യ ശാസനം നല്‍കി.

12 ന് ഹാജരാക്കാൻ ഉത്തരവിട്ടെങ്കിലും സൂപ്രണ്ട് സമയം തേടിയതിനാലാണ് 15 ന് ഹാജരാക്കാൻ അന്ത്യശാസനം നല്‍കിയത്. സഹോദരങ്ങളായ അമല്‍ജിത്ത്, അഖില്‍ജിത്ത് എന്നിവർ കഴിഞ്ഞ വെള്ളിയാഴ്ച കോടതിയില്‍ കീഴടങ്ങിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ് പൂജപ്പുര പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് പ്രതികളെ കോടതി 23 വരെ റിമാന്റ് ചെയ്തു. അതേ സമയം ചോദ്യം ചെയ്യലിനും തൊണ്ടിമുതലുകള്‍ വീണ്ടെടുക്കുന്നതിനും പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യമുന്നയിച്ചതിനാല്‍ തിങ്കളാഴ്ച പ്രതികളെ ഹാജരാക്കാൻ ജില്ലാ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട് അയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

ചിന്നമ്മ മെമോറിയല്‍ ഗേള്‍സ് സ്‌കൂളില്‍ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തിരുവനന്തപുരം നേമം മേലാംകോട് ശ്രീഹരി സദനത്തില്‍ അമല്‍ജിത്ത് എന്ന പേരിലാണ് ഒരാള്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയത്. ഹാജർ രജിസ്റ്ററില്‍ ഒപ്പിട്ട ഇയാള്‍ ഡ്രൈവിങ് ലൈസൻസാണ് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കിയത്. ഇത് ഇൻവിജിലേറ്റർ പരിശോധിച്ച ശേഷമാണ് ബയോമെട്രിക് പരിശോധനയ്ക്ക് ഉദ്യോഗസ്ഥൻ എത്തിയത്.

പി.എസ്.സി ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി ഉദ്യോഗാർഥികളുടെ വിരല്‍ വെച്ചുള്ള പരിശോധന നടക്കുന്നതിനിടെ ഒരാള്‍ പുറത്തേക്ക് ഇറങ്ങിയോടി. പുറത്തിറങ്ങിയ ഇയാള്‍ മറ്റൊരാളോടൊപ്പം ബൈക്കില്‍ കയറി പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. അമല്‍ജിത്താണ് പ്രതിയെ ബൈക്കില്‍ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

പി.എസ്.സി പരീക്ഷക്കിടെ ഇറങ്ങിയോടിയത് അമല്‍ജിത് എന്ന ഉദ്യോഗാർഥിയുടെ സഹോദരൻ അഖില്‍ജിത്ത് ആണെന്നാണ് കേസ്. പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയത് ഉദ്യോഗാർഥിയുടെ സഹോദരനാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. അമല്‍ജിത്തിന്റെ സഹോദരൻ അഖില്‍ജിത്താണ് പരീക്ഷയെഴുതാൻ എത്തിയത്. പരീക്ഷ ഹാളില്‍ നിന്ന് ഇറങ്ങിയോടിയ അഖില്‍ജിത്തിനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയത് അമല്‍ജിത്തായിരുന്നു.

പി.എസ്.സി പരീക്ഷാ പരിശോധനക്കിടെ ഇറങ്ങിയോടിയ സംഭവത്തില്‍ പ്രതിയെ പൊലീസ് തിരയുന്നതിനിടെയാണ് നാടകീയമായി പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്.

Leave a Reply