കേരളത്തിൽ ഈ വർഷം 1046 പേർ എച്ച്.ഐ.വി പോസിറ്റിവ്…

കേരളത്തിൽ ഈ വർഷം 1046 പേർ എച്ച്.ഐ.വി പോസിറ്റിവ്…

കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം 1046 പേര്‍ എച്ച്‌.ഐ.വി പോസിറ്റിവാണെന്ന് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 1354875 പേരാണ് പരിശോധന നടത്തിയത്.

648142 പുരുഷന്മാരും 701979 സ്ത്രീകളും 4753 ട്രാൻസ്ജെൻഡേഴ്സുമാണ് പരിശോധനക്ക് വിധേയരായത്. ഇതില്‍ 797 പുരുഷന്മാരും 240 സ്ത്രീകളും ഒമ്ബത് ട്രാൻസ്ജെൻഡറുകളും പോസിറ്റിവായി.

എച്ച്‌.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയായവരിലെ എച്ച്‌.ഐ.വി സാന്ദ്രത ദേശീയ തലത്തില്‍ 0.22 ആണെങ്കില്‍ അത് കേരളത്തില്‍ 0.06 ആണ്.

2025ഓടെ പുതിയ എച്ച്‌.ഐ.വി അണുബാധയില്ലാതാക്കാനുള്ള യജ്ഞം ‘ഒന്നായ് പൂജ്യത്തിലേക്ക്’ എന്ന പേരില്‍ ആരംഭിച്ചിട്ടുണ്ട്. 95:95:95 എന്ന ലക്ഷ്യമാണ് കൈവരിക്കാൻ ഉദ്ദേശിക്കുന്നത്. പോസിറ്റിവായ 95 ശതമാനം ആളുകളും അവരുടെ എച്ച്‌.ഐ.വി അവസ്ഥ തിരിച്ചറിയുകയെന്നതാണ് ഇതില്‍ ആദ്യത്തേത്.

അണുബാധിതരായി കണ്ടെത്തിയവരിലെ 95 ശതമാനം എ.ആര്‍.ടി ചികിത്സക്ക് വിധേയരാകുക, ഇവരിലെ 95 ശതമാനത്തിനും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമതായി ലക്ഷ്യമിടുന്നത്. സമൂഹങ്ങള്‍ നയിക്കട്ടെ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം.

എച്ച്‌.ഐ.വി നിയന്ത്രണം, ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജ്യോതിസ് കേന്ദ്രങ്ങള്‍, ഉഷസ് കേന്ദ്രങ്ങള്‍ (എ.ആര്‍.ടി), കെയര്‍ സപ്പോര്‍ട്ട് കേന്ദ്രങ്ങള്‍ (സി.എസ്.സി), പുലരി കേന്ദ്രങ്ങള്‍ (എസ്.ടി.ഐ), ലക്ഷ്യാധിഷ്ഠിത ഇടപെടല്‍ കേന്ദ്രങ്ങള്‍ (ടി.ഐ) എന്നിവിടങ്ങളിലൂടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

അണുബാധിതര്‍ക്കായി പ്രതിമാസ ചികിത്സ ധനസഹായ പദ്ധതി, പോഷകാഹാര വിതരണ പദ്ധതി, കുടുംബങ്ങളെ ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തല്‍, അണുബാധിതരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, ആരോഗ്യപരിരക്ഷ, സ്ത്രീകള്‍ക്ക് സൗജന്യ പാപ്സ്മിയര്‍ പരിശോധന, ലൈഫ്മിഷൻ പദ്ധതിയിലൂടെ ഭവനം ലഭ്യമാക്കല്‍ തുടങ്ങിയ സാമൂഹികസുരക്ഷ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply