തെഹ്റാൻ: ഇറാഖിലെ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്‍റെ കേന്ദ്രത്തിനുനേര്‍ക്ക് ഇറാന്‍റെ ആക്രമണം. വടക്കൻ ഇറാഖിലെ അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദിഷ് മേഖലയുടെ തലസ്ഥാനമായ ഇര്‍ബിലിലാണ് ആക്രമണം നടത്തിയത്. ഇറാന്‍റെ ഔദ്യോഗിക വാര്‍ത്ത ഏജൻസി ഇര്‍നയാണ് ഇക്കാര്യം അറിയിച്ചത്.
ശത്രു സങ്കേതത്തിനുനേരെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് മിസൈല്‍ ആക്രമണം നടത്തിയെന്ന് ഇര്‍ന വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. രാത്രി വൈകി മേഖലയിലെ ഇറാൻ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളുടെ ചാരവൃത്തി കേന്ദ്രങ്ങളും സങ്കേതങ്ങളും തകര്‍ക്കാൻ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചു. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇര്‍ബിലിലെ ആസ്ഥാനത്തെയാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്‍.ജി.സി) അറിയിച്ചു – വാര്‍ത്ത ഏജൻസി ഇര്‍ന വ്യക്തമാക്കി.
ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖിലെ കുര്‍ദിസ്ഥാൻ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.
ഇര്‍ബില്‍ വിമാനത്താവളം അടച്ചു
ഇര്‍ബിലില്‍ എട്ട് സ്ഫോടനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഇര്‍ബില്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം നിര്‍ത്തിവെച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇത് ഭീകരാക്രമണമാണെന്നും ഇര്‍ബിലിനെതിരെ നടന്ന മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ഇര്‍ബില്‍ ഗവര്‍ണര്‍ ഒമേദ് ഖോഷ്‌നവ് പ്രതികരിച്ചു.
ഇറാഖിന്റെ സുസ്ഥിരതയെ തകര്‍ക്കുന്ന ആക്രമണം -അമേരിക്ക
ഇറാൻ ആക്രമണത്തെ അപലപിച്ച് അമേരിക്ക രംഗത്തെത്തി. ഇറാഖിന്റെ സുസ്ഥിരതയെ തകര്‍ക്കുന്ന ഇറാന്റെ വിവേചനരഹിതമായ മിസൈല്‍ ആക്രമണങ്ങളെ അപലപിക്കുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഞങ്ങള്‍ ഇറാഖ് സര്‍ക്കാറിനെയും കുര്‍ദിസ്ഥാൻ പ്രാദേശിക ഗവണ്‍മെന്റിനെയും പിന്തുണയ്ക്കുന്നുവെന്നും മാത്യു മില്ലര്‍ പറഞ്ഞു.