ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്ന് ഇസ്റാഈല്‍ പിൻമാറി. ചര്‍ച്ചകള്‍ക്കായി ദോഹയില്‍ നിയോഗിച്ച സംഘത്തെ ഇസ്റാഈല്‍ തിരിച്ചുവിളിച്ചു.
ഇസ്റാഈല്‍ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ സംഘത്തിനായിരുന്നു ചര്‍ച്ചാ ചുമതല. ഈ സംഘത്തോട് ഉടൻ നാട്ടിലേക്ക് തിരിക്കാൻ ആവശ്യപ്പെട്ടതായി ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
മൊസാദ് തലവൻ ഡേവിഡ് ബാര്‍ണിയയാണ് ദോഹയിലുള്ള സംഘത്തോട് തിരിച്ചുവരാൻ നിര്‍ദേശിച്ചത്. ബെഞ്ചമിൻ നെതന്യാഹുവിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഹമാസ് വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഇസ്റാഈല്‍ നീക്കം.
അതേസമയം, ബന്ദികളാക്കപ്പെട്ട 84 കുട്ടികളെയും സ്ത്രീകളെയും 24 വിദേശികളെയും മോചിപ്പിക്കാന സാധിച്ചതിന് സി.ഐ.എ തലവൻ, ഈജിപ്ത് ഇന്റലിജൻസ് മന്ത്രി, ഖത്തര്‍ പ്രധാനമന്ത്രി എന്നിവര്‍ക്ക് മൊസാദ് നന്ദി അറിയിച്ചു.
ഖത്തര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഗസ്സയില്‍ ആറ് ദിവസം താത്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു. ആദ്യം നാല് ദിവസത്തേക്ക് ആരംഭിച്ച വെടിനിര്‍ത്തല്‍ പിന്നീട് രണ്ട് ദിവസം കൂടി നീട്ടുകയായിരന്നു. ഹമാസും ഇസ്റാഈലും പരസ്പരം ബന്ദികളെ മോചിപ്പിക്കുക എന്ന ധാരണയിലായിരുന്നു വെടിനിര്‍ത്തല്‍. ഇതനുസരിച്ച് ഇരുപക്ഷത്തു നിന്നും ഏതാനും ബന്ദികള്‍ മോചിപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ചതിന് പിന്നാലെ ഇസ്റാആഈല്‍ ഗസ്സയില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
വെടിനിര്‍ത്തലിന് ശേഷം, നേരത്തെ ആക്രമണം രൂക്ഷമായിരുന്ന വടക്കൻ ഗസ്സക്ക് പുറമെ താരതമ്യേന സുരക്ഷിതമെന്ന് കരുതിയിരുന്ന തെക്കൻ ഗസ്സയിലും ഇസ്റാഈല്‍ ആക്രമണം നടത്തുന്നുണ്ട്. വടക്കൻ ഗസ്സയില്‍ നടന്നതിന് സമാനമായി തെക്കൻ ഗസ്സയിലും കരയാക്രമണത്തിന് വഴിയൊരുക്കുന്നതിനാണ് ഈ നീക്കമെന്ന് കരുതുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.