മണ്ണിടിച്ചിൽ ഭീഷണി; ചന്ദ്രഗിരി സ്‌കൂളിനെയും തൊട്ടടുത്ത വീടുകളെയും സംരക്ഷിക്കാൻ സർക്കാരിന്റെ ഇടപെടൽ അനിവാര്യം; കല്ലട്ര അബ്ദുൽ ഖാദർ

മണ്ണിടിച്ചിൽ ഭീഷണി; ചന്ദ്രഗിരി സ്‌കൂളിനെയും തൊട്ടടുത്ത വീടുകളെയും സംരക്ഷിക്കാൻ സർക്കാരിന്റെ ഇടപെടൽ അനിവാര്യം; കല്ലട്ര അബ്ദുൽ ഖാദർ

ഉദുമ: മേൽപറമ്പ് ചന്ദ്രഗിരി ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള ഭൂമിയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ. ഇത് സ്കൂളിൻ്റെയും സമീപത്തെ വീടുകളുടെയും നിലനിൽപ്പിന് ഗുരുതരമായ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.

2019-ൽ ഇതേ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഇവിടത്തെ വീട്ടുകാരെ താൽക്കാലികമായി മാറ്റിപ്പാർപ്പിക്കുക മാത്രമാണ് അധികൃതർ ചെയ്തത്. എന്നാൽ പ്രശ്നത്തിന് സ്ഥിരമായ ഒരു പരിഹാരം കാണാൻ സർക്കാർ തയ്യാറായില്ല. ഇപ്പോഴുണ്ടായ മണ്ണിടിച്ചിൽ സ്കൂളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെ ജീവനും സമീപത്തെ 20-ഓളം വീടുകൾക്കും ഭീഷണിയായിരിക്കുകയാണ്.

അടുത്തൊരു മണ്ണിടിച്ചിലുണ്ടായാൽ സ്കൂൾ കെട്ടിടവും, തൊട്ടടുത്തുള്ള മൂന്ന് വീടുകളും നിലംപതിക്കും. ഇത് ഈ വീടുകൾക്ക് താഴെയായി സ്ഥിതി ചെയ്യുന്ന 15-ഓളം വീടുകൾക്ക് വലിയ അപകടമുണ്ടാക്കും. കുട്ടികൾ അടക്കമുള്ള നിരവധി പേരുടെ ജീവൻ അപകടത്തിലാക്കുന്ന ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, സുരക്ഷാ ഭീഷണി നേരിടുന്ന സ്ഥലം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ സന്ദർശിക്കണമെന്നും കല്ലട്ര അബ്ദുൽ ഖാദർ ആവശ്യപ്പെട്ടു. വിഷയത്തിൽ ഒരു സ്ഥിരമായ പരിഹാരം കണ്ടെത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply