എറണാകുളം: കണ്ടല സർവീസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിൽ ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു. ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ. ഭാസുരാംഗനും മക്കളും അടക്കം ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. ഇയാളുടെ രണ്ട് പെണ് മക്കളെ അടക്കം കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് ബാങ്ക് വഴി നടന്നിട്ടുള്ളതായി ഇഡി പറഞ്ഞു. ഭാസുരാംഗൻ 51 കോടു രൂപ വായ്പ തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രണ്ട് ബെനാമി അകൗണ്ടുകളാണ് ഇയാൾക്ക് ബാങ്കിൽ ഉണ്ടായിരുന്നത്. ഈ അകൗണ്ടുകൾ വഴിയാണ് തട്ടിപ്പ് നടന്നതെന്ന് ഇഡി കണ്ടെത്തി.
യാതൊരു തരത്തിലെ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ അകൗണ്ടുകൾക്ക് 51 കോടി രൂപ വായ്പ അനുവദിച്ചത്. ലോണിന്റെ തിരിച്ചടവ് മുടങ്ങിയിട്ടും ഈ വിവരങ്ങൾ സഹകരണ രജിസ്ട്രാർക്ക് കൈമാറരുതെന്ന് സെക്രട്ടറിമാരെ ഭാസുരാംഗൻ വിലക്കിയിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.