കാസർകോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർഥി നിർണ്ണയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. മണ്ഡലത്തിലെ സീനിയർ നേതാക്കളുടെ പേരുകൾ വെട്ടി, തനിക്ക് താല്പര്യമുള്ള യുവനേതാവിനെ മത്സരിപ്പിക്കാൻ ജില്ലയിലെ പ്രമുഖ വ്യവസായി രംഗത്തെത്തിയതാണ് ലീഗ് കേന്ദ്രങ്ങളിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
കാസർകോട് മണ്ഡലത്തിൽ കല്ലട്ര മാഹിൻ ഹാജി, മുനീർ ഹാജി എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. എന്നാൽ, ഇവർക്ക് പകരം തന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു യുവനേതാവിനെ എം.എൽ.എ ആക്കാനാണ് വ്യവസായ പ്രമുഖന്റെ നീക്കം. സീനിയർ നേതാക്കൾ മണ്ഡലത്തിൽ എത്തുന്നതിനേക്കാൾ, തന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്ന ഒരാൾ ജനപ്രതിനിധിയാകുന്നത് ബിസിനസ് താല്പര്യങ്ങൾക്ക് ഗുണകരമാകുമെന്ന് ഇദ്ദേഹം കണക്കുകൂട്ടുന്നു.
സീനിയർ നേതാക്കളുടെ പേരുകൾ വെട്ടിനിരത്തി യുവനേതാവിനായി സംസ്ഥാന തലത്തിൽ പോലും സമ്മർദ്ദം ചെലുത്താനാണ് വ്യവസായ പ്രമുഖന്റെ നീക്കം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്താണ് ഈ ചരടുവലികൾ നടക്കുന്നത്.
എന്നാൽ, പാരമ്പര്യമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച മുതിർന്ന നേതാക്കളെ അവഗണിച്ച് ‘ചൊൽപ്പടിക്ക് നിൽക്കുന്നവരെ’ സ്ഥാനാർഥിയാക്കുന്നതിനോട് അണികൾക്കിടയിൽ അമർഷം പുകയുന്നുണ്ട്. വ്യവസായികളുടെ ഇടപെടൽ സ്ഥാനാർഥി നിർണ്ണയത്തിൽ നിർണ്ണായകമായാൽ അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകർ. വരും ദിവസങ്ങളിൽ കാസർകോട് ലീഗ് രാഷ്ട്രീയത്തിൽ വലിയ പൊട്ടിത്തെറികൾക്ക് ഈ നീക്കം കാരണമായേക്കാം.

