കാസര്‍കോട് | മഞ്ചേശ്വരം ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണം കവര്‍ന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
അരക്കോടി രൂപ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. ആക്‌സിസ് ബാങ്കിന്റെ എടിഎമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍ നിന്നാണ് 50 ലക്ഷം രൂപ കവര്‍ന്നത്. വാഹനത്തിന്റെ ചില്ല് തകര്‍ത്താണ് മോഷ്ടാവ് പണപ്പെട്ടി കൈക്കലാക്കിയത്.
സംഭവസമയം വാഹനത്തില്‍ ഡ്രൈവറും ഉദ്യോഗസ്ഥനും മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടെയാണ് വണ്ടിയിലുണ്ടായിരുന്ന പണപ്പെട്ടി മോഷ്ടാവ് കവര്‍ന്നത്. ചുവന്ന ടീഷര്‍ട്ട് ധരിച്ചെത്തിയ ആളാണ് വാഹനത്തില്‍നിന്ന് പണം കൊള്ളയടിച്ചതെന്നാണ് സൂചന. മോഷണത്തിനു ശേഷം പ്രതി ഉപ്പള ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോയതായും പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.