തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കോഴിക്കോട് ജില്ലയില്‍ പുഴകളില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വയനാട്ടിലും കണ്ണൂരിലും മണ്ണിടിച്ചിലുണ്ടായി. വയനാട്ടില്‍ ഏഴു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലും നഗര പ്രദേശത്തും ശക്തമായ മഴയാണ് രാവിലെ പെയ്തത്. ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ചാലിപ്പുഴയിലും കൈവഴികളിലുമെല്ലാം ജലനിരപ്പുയര്‍ന്നു. കോടഞ്ചേരി ചെമ്പു കടവ് പാലത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പാലത്തില്‍ വന്നടിഞ്ഞ തടിക്കഷ്ണങ്ങള്‍ ജെ സി ബി ഉപയോഗിച്ച് നീക്കി ഒഴുക്ക് സുഗമമാക്കിയതോടെയാണ് പാലത്തിലെ വെളളം ഇറങ്ങിയത്.
കുറ്റ്യാടി മരുതോങ്കരയില്‍ ശക്തമായ കാറ്റില്‍ വൈദ്യുത ലൈനില്‍ തെങ്ങ് വീണ് തീപിടിച്ചു. റോഡില്‍ വാഹനങ്ങളിലാതിരുന്നതിനാല്‍ വലിയ അപകടമൊഴിവായി. കരുവന്‍തുരുത്തി പെരവന്‍മാട് കടവിന് സമീപം തോണി മറിഞ്ഞു. തോണിയില്‍ ഉണ്ടായിരുന്ന മൂന്നു പേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. കൊയിലാണ്ടി ഹാര്‍ബറിന് സമീപം മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരേയും മറ്റു വള്ളങ്ങളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
വയനാട്ടില്‍ പെയ്ത കനത്ത മഴയില്‍ പുഴകളിൽ ജലനിരപ്പ് ഉയർന്നു. മുണ്ടക്കൈ മലയിലെ ജനവാസമില്ലാത്ത മേഖലയിലും മാനന്തവാടി ഹയര്‍സെക്കന്‍ററി സ്കൂള്‍ കൂവളം കുന്ന് റോഡിലും മണ്ണിടിച്ചിലുണ്ടായി. പുത്തുമല കാശ്മീര്‍ ദ്വീപിലേയും പുഞ്ചിരി മട്ടം കോളനിയിലേയും 7 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. തൊള്ളായിരം കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകളുടെ പ്രവര്‍ത്തനത്തിനും ട്രക്കിങ്ങിനും നിരോധനം ഏര്‍പ്പെടുത്തി.
കണ്ണൂര്‍ ജില്ലയില്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ചീങ്കണ്ണി ബാവലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇരിട്ടി വളവ് പാറയിലുണ്ടായ മണ്ണിടിച്ചിലിനെതുടര്‍ന്ന് കൂട്ടുപുഴ വള്ളിത്തോട് റോഡ് താത്കാലികമായി അടച്ചു. പാലത്തും കടവില്‍ വീടിന്‍റെ മതിലിടിഞ്ഞു. കനത്ത മഴയില്‍ പുന്നപ്പുഴ കരകവിഞ്ഞ് മലപ്പുറം മുപ്പിനിയില്‍ പാലം മുങ്ങി. നിലമ്പുർ വെളിയന്തോട് റോഡിൽ വെള്ളം കയറി. കരിമ്പുഴയും ചാലിയാറും കരകവിഞ്ഞു ഒഴുകുകയാണ്.
മലപ്പുറത്ത് മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഇടവേളകളില്ലാതെ പെയ്യുന്ന മഴയിൽ റോഡുകളിൽ വെള്ളം കയറി പലയിടത്തും ഗതാഗതം തടസപ്പെട്ടു. പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. ജില്ലയിൽ വ്യപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്.