പ്രതിസന്ധികളെ തരണം ചെയ്തും തനിമ നിലനിര്‍ത്തിയും കേരളം കുതിപ്പു തുടരും: മുഖ്യമന്ത്രി

പ്രതിസന്ധികളെ തരണം ചെയ്തും തനിമ നിലനിര്‍ത്തിയും കേരളം കുതിപ്പു തുടരും: മുഖ്യമന്ത്രി

പ്രതിസന്ധികളെ തരണം ചെയ്തും നാടിന്റെ തനിമ നിലനിർത്തിയും കേരളം മുന്നോട്ടുള്ള കുതിപ്പു തുടരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

സാമ്ബത്തികമായി ശ്വാസംമുട്ടിക്കാനും ഞെരുക്കാനുമുള്ള നീക്കങ്ങള്‍ക്കു മുന്നില്‍ സംസ്ഥാനം വിറങ്ങലിച്ചു നിന്നില്ലെന്നും അഭിമാനകരമായ പുരോഗതി നേടാൻ കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2016 മുതല്‍ പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമാണു കേരളത്തിനു നേരിടേണ്ടിവന്നതെങ്കില്‍ കടുത്ത രീതിയില്‍ നാടിനെ പിന്നോട്ടടിക്കാനുള്ള നീക്കങ്ങളെയാണ് ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള മൂന്നു വർഷങ്ങളില്‍ അതിജീവിക്കേണ്ടിവന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മുന്നോട്ടുപോക്കിന് എങ്ങനെയെല്ലാം തടസം സൃഷ്ടിക്കാനാകുമെന്ന നിലപാടാണു നമ്മെ സഹായിക്കാൻ ബാധ്യതപ്പെട്ട കേന്ദ്രങ്ങള്‍ സ്വീകരിച്ചത്. രാജ്യത്തു മറ്റൊരു സംസ്ഥാനത്തിനും ഇത്ര ക്രൂരമായ അനുഭവമുണ്ടായിട്ടില്ല. അർഹതപ്പെട്ട വിഹിതം നിഷേധിക്കുന്നതിനെതിരേ കേരളത്തിനു സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. കോടതി കേരളത്തിന്റെ വാദം അംഗീകരിച്ചതോടെയാണ് വാശിയോടെനിന്ന സമീപനം തിരുത്തിക്കാൻ കഴിഞ്ഞത്. കേരളത്തില്‍ നടപ്പാക്കുന്ന, രാജ്യം പുകഴ്ത്തുന്ന പരിപാടികള്‍ നിർവഹിക്കുന്നതില്‍ തടസം സൃഷ്ടിക്കാനും അങ്ങനെ അത് ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളായിരുന്നു ഈ വാശിക്കു പിന്നില്‍. അതിനു മുന്നില്‍ കേരളം വിറങ്ങലിച്ചുനിന്നില്ല.

സ്വന്തമായി ഒരു കൂരയെന്ന മോഹത്തോടെ ഒരു ജീവിതകാലം മുഴുവൻ ജീവിച്ചുതീർക്കുന്നവർക്കു സ്വന്തമായി ഒരു വീടുണ്ടാകുകയെന്ന ലക്ഷ്യത്തോടെയാണു സർക്കാർ ലൈഫ് മിഷൻ പ്രഖ്യാപിച്ചു നടപ്പാക്കുന്നത്. നാലു ലക്ഷത്തിലേറെ വീടുകള്‍ അതിലൂടെ പൂർത്തിയാക്കാൻ കഴിഞ്ഞു. സ്വന്തമായി ഭൂമിയില്ലാതിരുന്ന മൂന്നു ലക്ഷത്തിലേറെ പേർക്കു പട്ടയം നല്‍കി.

യുവാക്കളുടെ തൊഴില്‍ സൗകര്യങ്ങള്‍ വലിയ തോതില്‍ ഉയർത്താനുള്ള നടപടികള്‍ സർക്കാർ സ്വീകരിച്ചുവരികയാണ്. ഐടി പുരോഗതിക്കൊപ്പം മറ്റു ബഹുരാഷ്ട്ര സ്ഥാപനങ്ങളും കേരളത്തിലേക്കെത്തുകയാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള സർക്കാരിന്റെ പദ്ധതിക്കു മികച്ച വളർച്ചയാണുണ്ടായത്. കാർഷിക രംഗവും മികച്ച രീതിയില്‍ അഭിവൃദ്ധിപ്പെട്ടു. കാർഷിക മേഖലയില്‍ വരള്‍ച്ചയുടെ ഭാഗമായി ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. റബർ, ഏലം, കുരുമുളക് തുടങ്ങിയവയടങ്ങുന്ന നാണ്യവിള കർഷകരുടെ പ്രശ്നങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യും. കടലോര മേഖല അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ പലതും കേന്ദ്ര സർക്കാർ ഇടപെട്ടു സഹായിക്കേണ്ടവയാണ്. കടലാക്രമണംമൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്നതില്‍ ഫലപ്രദമായ ഇടപെടലുണ്ടാകുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇക്കാര്യത്തില്‍ വീണ്ടും കേന്ദ്ര സർക്കാരിനെ സമീപിക്കും. മനുഷ്യ-വന്യജീവി സംഘർഷം മലയോര മേഖലയില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും. സംസ്ഥാനത്തിന്റെ നികുതി വരുമാനം നല്ല രീതിയില്‍ വർധിച്ചിട്ടുണ്ട്. ഒരു സംസ്ഥാനമെന്ന നിലയ്ക്കുള്ള സാമ്ബത്തികഭദ്രത നേടാൻ കേരളത്തിനു കഴിഞ്ഞു. ലഭിക്കേണ്ട കേന്ദ്ര വിഹിതം കൃത്യമായി ലഭിച്ചില്ലെന്നതാണു സാമ്ബത്തിക പ്രയാസത്തിനിടയാക്കിയ ഘടകം. ഇനിയുള്ള കാലം അതിനെല്ലാം ചില മാറ്റങ്ങളുണ്ടാകുമെന്നു പ്രതീക്ഷിക്കാം.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നണികളും ഒട്ടേറെ വാഗ്ദാനങ്ങള്‍ ജനങ്ങളുടെ മുന്നില്‍ സമർപ്പിക്കാറുണ്ട്. പിന്നീട് അത് എത്രകണ്ടു നടപ്പായെന്നു പലപ്പോഴും പരിശോധിക്കപ്പെടാറില്ല. ഇതിലാണു 2016ല്‍ അധികാരത്തിലെത്തിയ സർക്കാർ മാറ്റം വരുത്തിയത്. ജനങ്ങളാണു സർക്കാരിനെ തെരഞ്ഞെടുക്കുന്നത്. ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച വാഗ്ദാനങ്ങള്‍ എത്രകണ്ടു നിറവേറ്റിയെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുള്ളതാണ്. ആ അവകാശമാണു പ്രോഗ്രസ് റിപ്പോർട്ടിലൂടെ സ്ഥാപിക്കപ്പെട്ടത്. 2017 മുതല്‍ ഓരോ വർഷവും കൃത്യമായി പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ചു കൃത്യമായി വിലയിരുത്താനുള്ള അവസരമാണു ജനങ്ങള്‍ക്ക് ഇതിലൂടെ ലഭ്യമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് വളപ്പിലൊരുക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറി ഡോ. വി. വേണു മുഖ്യമന്ത്രിയില്‍നിന്നു പ്രോഗ്രസ് റിപ്പോർട്ട് ഏറ്റുവാങ്ങി.

തെരഞ്ഞെടുപ്പുകാലത്തു മുന്നോട്ടുവച്ച വാഗ്ദാനങ്ങളില്‍ മൂന്നു വർഷംകൊണ്ടു ചെയ്യാൻ കഴിയുന്നതെല്ലാം പൂർത്തിയാക്കിയ ആത്മസംതൃപ്തിയോടെയാണു സർക്കാർ മുന്നോട്ടുപോകുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനില്‍ പറഞ്ഞു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, കെ.എൻ. ബാലഗോപാല്‍, കെ. രാധാകൃഷ്ണൻ, പി. രാജീവ്, ഡോ. ആർ. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, സജി ചെറിയാൻ, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ്, പൊതുഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാല്‍ എന്നിവർ പങ്കെടുത്തു.

Leave a Reply