കാസർകോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനുള്ള നീക്കങ്ങൾ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി സജീവമാക്കിയതോടെ യുഡിഎഫ് ക്യാമ്പിൽ കടുത്ത ആശങ്ക. നേരത്തെ തന്നെ മണ്ഡലത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന ഷാജി, തിരഞ്ഞെടുപ്പ് അടുത്തതോടെ തന്റെ നീക്കങ്ങൾക്ക് വേഗത കൂട്ടിയിരിക്കുകയാണ്. എന്നാൽ ഷാജിയുടെ വരവ് ലീഗ് അണികൾക്കിടയിലും കോൺഗ്രസ് നേതൃത്വത്തിലും വലിയ അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നത്.
മുസ്ലിം ലീഗിന്റെ കരുത്തനായ പ്രാസംഗികൻ എന്ന നിലയിൽ കെ.എം. ഷാജിക്ക് വലിയ സ്വീകാര്യതയുണ്ടെങ്കിലും, കാസർകോടിന്റെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹം അസ്വീകാര്യനാണെന്ന വികാരമാണ് പ്രവർത്തകർക്കിടയിലുള്ളത്. ഷാജിയോടുള്ള വ്യക്തിപരമായ വിരോധമല്ല, മറിച്ച് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ യുഡിഎഫ് വിജയത്തെ ബാധിക്കുമെന്നും ബിജെപിക്ക് എളുപ്പത്തിൽ വിജയിക്കാൻ വഴിയൊരുക്കുമെന്നുമുള്ള പരാജയഭീതിയാണ് അണികളെ ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്.
കാസർകോട് മണ്ഡലത്തിൽ യുഡിഎഫിനെ എപ്പോഴും തുണയ്ക്കാറുള്ള ഇടത് വോട്ടുകൾ ഷാജി വന്നാൽ ലഭിക്കില്ലെന്നതാണ് പ്രധാന ആശങ്ക. കടുത്ത ഇടത് വിമർശനത്തിനൊപ്പം സമസ്തയുടെ ഇരുവിഭാഗങ്ങളോടും ഷാജി പുലർത്തുന്ന വിരുദ്ധ നിലപാട് തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. സമസ്തയെയും പ്രസ്ഥാനത്തെയും ഇകഴ്ത്തുന്ന നേതാക്കളെ കാസർകോട് മത്സരിപ്പിക്കുന്നത് ഗുണകരമല്ലെന്ന എസ്കെഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവിയുടെ പ്രസ്താവന ഇതിന്റെ സൂചനയാണ്. സമസ്തയിലെ ഇരു വിഭാഗങ്ങൾക്കും കടുത്ത വിയോജിപ്പുള്ള നേതാവാണ് ഷാജി എന്നത് വോട്ട് ചോർച്ചയ്ക്ക് കാരണമാകുമെന്ന് യുഡിഎഫ് ഭയപ്പെടുന്നു.
മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ പലപ്പോഴും ജയിച്ചു കയറുന്നത് ഇടത് പക്ഷത്തുനിന്ന് ലഭിക്കുന്ന വോട്ടുകൾ കൂടി കണക്കിലെടുത്താണ്. ഷാജി വന്നാൽ ഈ വോട്ടുകൾ നഷ്ടമാകുമെന്നും അത് ബിജെപിയുടെ വിജയത്തിന് കാരണമാകുമെന്നും മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷൻ കല്ലട്ര മാഹിൻ ഹാജി തന്നെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഷാജിക്ക് കാസർകോട് ലഭിക്കുന്ന ‘ഇറക്കുമതി സ്ഥാനാർത്ഥി’ എന്ന പ്രതിച്ഛായയും പ്രാദേശിക വോട്ടുകളെ അകറ്റും. മികച്ച പ്രാദേശിക നേതാക്കൾ മണ്ഡലത്തിൽ ലഭ്യമായിരിക്കെ ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരുന്നത് ആത്മഹത്യാപരമാണെന്നാണ് പ്രവർത്തകരുടെ പക്ഷം.
ഒരിക്കൽ ബിജെപി കാസർകോട് പിടിച്ചെടുത്താൽ പിന്നീട് തിരിച്ചെടുക്കാൻ സാധിക്കാത്ത വിധം മണ്ഡലം കൈവിട്ടുപോകുമെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുമുണ്ട്. അതുകൊണ്ട് തന്നെ ഷാജിയെ കാസർകോട് മത്സരിപ്പിക്കുന്നതിനോട് കോൺഗ്രസിനും കടുത്ത അതൃപ്തിയുണ്ട്. ലീഗ് നേതൃത്വം പരീക്ഷണത്തിനാണ് ഒരുങ്ങുന്നതെങ്കിൽ എൽഡിഎഫ് രണ്ടാം സ്ഥാനത്തുള്ള മറ്റ് മണ്ഡലങ്ങളിൽ ഷാജിയെ മത്സരിപ്പിക്കണമെന്നാണ് അണികളുടെ ആവശ്യം. സിറ്റിംഗ് സീറ്റായ കാസർകോട് ബിജെപിക്ക് വെള്ളിത്താലത്തിൽ വെച്ച് നീട്ടാൻ നേതൃത്വം തയാറാകരുത് എന്ന ആവശ്യത്തിലാണ് പ്രാദേശിക നേതൃത്വം.

