കാസർകോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പച്ചക്കൊടി കാട്ടിയാൽ കാസർകോട് മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്ന മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ പ്രസ്താവന ജില്ലയിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുന്നു. ഷാജിയുടെ വരവ് യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ വിള്ളലുണ്ടാക്കുമോ എന്ന ആശങ്കയിലാണ് ഒരു വിഭാഗം പ്രാദേശിക നേതാക്കളും പ്രവർത്തകരും. മണ്ഡലത്തിലെ വോട്ട് സമവാക്യങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റം ബിജെപിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമോ എന്നതാണ് പ്രധാന ഭീതി.
ഇടതുപക്ഷ വോട്ടുകൾ അകലുമോ?
കാസർകോട് മണ്ഡലത്തിൽ ബിജെപിയെ തടയാൻ കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിലായി ഇടതുപക്ഷ വോട്ടുകളുടെ ഒരു വലിയ ഭാഗം യുഡിഎഫിലേക്ക് എത്താറുണ്ട്. എന്നാൽ ഷാജിയുടെ സ്ഥാനാർത്ഥിത്വം ഈ ‘ധാരണ’യ്ക്ക് അന്ത്യം കുറിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കടുത്ത ഇടതുപക്ഷ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും നിരന്തരം സിപിഎമ്മിനെയും സർക്കാരിനെയും കടന്നാക്രമിക്കുകയും ചെയ്യുന്ന ഷാജിക്ക് വേണ്ടി വോട്ട് ചെയ്യാൻ എൽഡിഎഫ് അണികൾ തയ്യാറാവില്ലെന്ന് ഉറപ്പാണ്. ഇടത് വോട്ടുകൾ കൃത്യമായി സ്വന്തം പെട്ടിയിൽ വീഴുകയോ അല്ലെങ്കിൽ ബിജെപിയിലേക്ക് ഒഴുകുകയോ ചെയ്താൽ അത് യുഡിഎഫിന് കനത്ത തിരിച്ചടിയാകും.
സമസ്തയുടെ നിലപാട് നിർണ്ണായകം
മണ്ഡലത്തിലെ ഏറ്റവും വലിയ വോട്ട് ബാങ്കായ സമസ്തയുടെ ഇരുവിഭാഗങ്ങൾക്കും (ഇ.കെ, എ.പി) കെ.എം. ഷാജി സ്വീകാര്യനല്ല എന്നതും ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ഷാജി നടത്തിയ പല പ്രസംഗങ്ങളും സമസ്തയുടെ ഇരുവിഭാഗങ്ങളെയും ചൊടിപ്പിച്ചിരുന്നു. മതസംഘടനകളെ വിമർശിക്കുന്ന ഷാജിയുടെ ശൈലി തിരഞ്ഞെടുപ്പിൽ വോട്ടായി മാറില്ലെന്ന് മാത്രമല്ല, സമസ്തയുടെ വോട്ടുകൾ യുഡിഎഫ് പെട്ടിയിൽ എത്താതിരിക്കാൻ കാരണമാവുകയും ചെയ്യും. എ.പി വിഭാഗം പരമ്പരാഗതമായി പുലർത്തുന്ന നിലപാടുകൾക്ക് പുറമെ, ഇ.കെ വിഭാഗത്തിലെ ഒരു വിഭാഗവും ഷാജിയോട് വിയോജിപ്പുള്ളവരാണ്.
ബിജെപിക്ക് വഴിയൊരുങ്ങുമോ?
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും ഒമ്പത് ശതമാനം മാത്രമായിരുന്നു. മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് ശക്തമായ സ്വാധീനമുണ്ട്. യുഡിഎഫിന് ലഭിക്കാറുള്ള എൽഡിഎഫ് വോട്ടുകളിലും സമസ്തയുടെ വോട്ടുകളിലും ചെറിയൊരു ശതമാനം ചോർച്ച ഉണ്ടായാൽ പോലും അത് ബിജെപിക്ക് വിജയത്തിലേക്കുള്ള വാതിൽ തുറന്നു കൊടുക്കും.
ഈ സാഹചര്യത്തിൽ ഷാജിയെ ഇറക്കി പരീക്ഷണം നടത്തുന്നത് ആത്മഹത്യാപരമാകുമോ എന്ന ആലോചനയിലാണ് യുഡിഎഫ് നേതൃത്വം. വിജയസാധ്യതയ്ക്ക് മുകളിൽ നേതാക്കളുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾ പ്രതിഷ്ഠിക്കുന്നത് കാസർകോട് പോലുള്ള ഒരു മണ്ഡലത്തിൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ് അണികൾക്കിടയിൽ നിന്നും ഉയർന്നു കഴിഞ്ഞു.

