സംസ്ഥാന രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ കരുത്തനായ ശബ്ദവും പ്രമുഖ വാഗ്മിയുമായ കെ.എം ഷാജിയെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാൻ ലീഗ് നേതൃത്വം നീക്കം നടത്തുന്നതിനായി റിപ്പോർട്ട്. ഷാജിക്കെതിരെ വിവിധ മണ്ഡലങ്ങളിൽ നിന്ന് കടുത്ത പ്രാദേശിക എതിർപ്പുകളും വിയോജിപ്പുകളും ഉയരുന്ന സാഹചര്യത്തിലാണ് പാർട്ടി സുരക്ഷിത താവളം തേടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ പരാജയപ്പെട്ടതോടെ, വീണ്ടും അവിടെ മത്സരിക്കാൻ ഷാജി താല്പര്യം കാണിച്ചിരുന്നില്ല. ഇതേ തുടർന്ന്, അദ്ദേഹം കാസർകോട് മണ്ഡലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാൽ കാസർകോട് ജില്ലയിലെ പാർട്ടി നേതൃത്വവും അണികളും ഷാജിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യമായും രഹസ്യമായും രംഗത്തുവന്നത് സംസ്ഥാന നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
ഇടതുപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും നിർണ്ണായകമായ കാസർകോട് മണ്ഡലത്തിൽ കെ.എം ഷാജി മത്സരിച്ചാൽ അത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി തന്നെ പ്രസ്താവിച്ചത് ഷാജിക്ക് വലിയ തിരിച്ചടിയായി. ഇടതുപക്ഷത്തിനെതിരെ ഷാജി നടത്തുന്ന കടുത്ത കടന്നാക്രമണങ്ങൾ മണ്ഡലത്തിൽ യുഡിഎഫിന്റെ പരാജയത്തിന് കാരണമാകുമെന്നാണ് ജിവിലയിരുത്തൽ. കൂടാതെ, പ്രസ്ഥാനത്തെ ഇകഴ്ത്തുന്നവരെ കാസർകോട് മത്സരിപ്പിക്കുന്നത് ഗുണകരമല്ലെന്ന എസ്‌കെഎസ്എസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിരയുടെ പരോക്ഷ പ്രസ്താവനയും ഷാജിക്ക് തിരിച്ചടിയായിട്ടുണ്ട്.
ബിജെപി രണ്ടാം സ്ഥാനത്തുള്ള കാസർകോട് മണ്ഡലത്തിൽ ഷാജിയെപ്പോലൊരു നേതാവ് മത്സരിക്കുന്നത് ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്ന ആശങ്ക ലീഗ് അണികൾക്കിടയിൽ ശക്തമാണ്. സമസ്തയിലെ ഇരു വിഭാഗങ്ങൾക്കും ഷാജിയോടുള്ള വിയോജിപ്പും ഇതിന് ആക്കം കൂട്ടുന്നു. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരേക്കാൾ പ്രാദേശികരായ നേതാക്കൾക്ക് മുൻഗണന നൽകണമെന്ന ആവശ്യമാണ് അവിടെ ഉയരുന്നത്.
കാസർകോട് വഴി അടഞ്ഞതോടെ കൊടുവള്ളി കേന്ദ്രീകരിച്ച് ഷാജി നീക്കങ്ങൾ നടത്തിയെങ്കിലും അവിടെയും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. കൊടുവള്ളിയിൽ പ്രാദേശിക സ്ഥാനാർത്ഥി മതിയെന്ന് ആവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്തയച്ചത് ഷാജിയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു. ലീഗിന് വലിയ സ്വാധീനമുള്ള കൊടുവള്ളിയിൽ പുറത്തുനിന്നുള്ള നേതാക്കളെ ഇനിയും കെട്ടിയിറക്കരുതെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ കർശന നിലപാട്.
വാഗ്മി എന്ന നിലയിൽ ഷാജിക്ക് വലിയ സ്വീകാര്യതയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അദ്ദേഹം നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. സമസ്തയുടെ പിന്തുണ ഉറപ്പാക്കാൻ കഴിയാത്തതും ഹൈന്ദവ വോട്ടുകൾ എതിരാകാനുള്ള സാധ്യതയും ഷാജിയുടെ സ്ഥാനാർത്ഥിത്വത്തിന് വിലങ്ങുതടിയാവുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള മലപ്പുറം ജില്ലയിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലം ഷാജിക്കായി കണ്ടെത്താൻ ലീഗ് നേതൃത്വം ആലോചിക്കുന്നത്. പാർട്ടി കോട്ടകളിൽ ഷാജിയെ മത്സരിപ്പിക്കുന്നത് വഴി പ്രാദേശിക എതിർപ്പുകൾ മറികടക്കാമെന്നും അദ്ദേഹത്തിന്റെ പ്രസംഗ പാടവം രാഷ്ട്രീയമായി ഉപയോഗിക്കാമെന്നുമാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

