കോഴിക്കോട് : കൂടത്തായി റോയ് തോമസ് വധക്കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി. അറുപതാം സാക്ഷിയും കേസിലെ മൂന്നാംപ്രതി പ്രജികുമാറിന്റെ ഭാര്യയുമായ താമരശ്ശേരി തച്ചംപൊയില്‍ ശരണ്യയാണ് പ്രതികള്‍ക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കിയത്.
ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി. പ്രജികുമാറിന്റെ കുറ്റസമ്മത മൊഴിപ്രകാരം താമരശ്ശേരിയിലെ ദൃശ്യകല ജ്വല്ലറി വര്‍ക്സ് എന്ന സ്ഥാപനത്തില്‍നിന്ന് പൊലീസ് സയനൈഡ് കണ്ടെടുത്തിരുന്നു.
രണ്ടാംപ്രതി എം.എസ്. മാത്യു പ്രജികുമാറിന്റെ സുഹൃത്താണെന്നും കടയില്‍ സ്വര്‍ണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും അറസ്റ്റിനു ശേഷം പൊലീസ് പ്രജികുമാറിനെയുമായി വന്നപ്പോള്‍ താൻ നല്‍കിയ താക്കോല്‍ ഉപയോഗിച്ച് കട തുറന്ന് പ്രജികുമാര്‍ സയനൈഡ് എടുത്ത് പൊലീസിന് നല്‍കിയിരുന്നു എന്നുമായിരുന്നു ശരണ്യയുടെ മൊഴിയായി പൊലീസ് നേരത്തേ രേഖപ്പെടുത്തിയത്.
പ്രജികുമാറിന്റെ കടയില്‍നിന്ന് സയനൈഡ് കണ്ടെടുത്തതിന്‍റെ പരിശോധനപ്പട്ടികയില്‍ സാക്ഷിയായിരുന്നു ശരണ്യ. കൂറുമാറിയതിനെ തുടര്‍ന്ന് പ്രോസിക്യൂഷനു വേണ്ടിയുള്ള ക്രോസ് വിസ്താരത്തില്‍ പരിശോധനപ്പട്ടികയിലെ ഒപ്പ് തന്റേതാണെന്ന് ശരണ്യ സമ്മതിച്ചു.
അന്വേഷണ സംഘത്തില്‍ അംഗമായ കണ്ണൂര്‍ ആലക്കോട് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ 150ാം സാക്ഷി എ.പി. വിനീഷ് കുമാറിനെയും കോടതിയില്‍ വിസ്തരിച്ചു.
ഒന്നാംപ്രതി ജോളിയുടെ ഇടുക്കി ജില്ലയിലെ തറവാട്ടു വീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയിരുന്നുവെന്നും ജോളി പഠിച്ച വാഴവര സെന്റ് മേരീസ് ഹൈസ്കൂളില്‍നിന്ന് അഡ്മിഷൻ രജിസ്റ്ററും ടി.സി കൗണ്ടര്‍ഫോയിലും ഉള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിച്ചു എന്നും വിനീഷ് കുമാര്‍ മൊഴി നല്‍കി. ജോളി ബി.എഡിന് പഠിച്ചിട്ടുണ്ടോ എന്നറിയാൻ പാലാ സെൻറ് തോമസ് ടീച്ചേഴ്സ് എജുക്കേഷൻ കോളജില്‍ പോയി അന്വേഷണം നടത്തി എന്നും ജോളി ജോസഫ് എന്ന വിദ്യാര്‍ഥി ആ കോളജില്‍ പഠിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും അതു സംബന്ധിച്ച് പ്രിൻസിപ്പലില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്നും സാക്ഷി മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആര്‍. ശ്യാംലാല്‍ മുമ്ബാകെ മൊഴി നല്‍കി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ് എന്നിവര്‍ ഹാജരായി. അന്വേഷണ സംഘത്തിലെ അംഗമായിരുന്ന സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.കെ. ബിജുവിനെ വ്യാഴാഴ്ച കോടതിയില്‍ വിസ്തരിക്കും.