കോഴിക്കോട് താമരശ്ശേരിയിൽ സംഘർഷത്തിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്ത്. സംഘർഷത്തിന് ശേഷം അക്രമി സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ ശബ്ദ സന്ദേശം അടങ്ങുന്ന ഇന്‍സ്റ്റഗ്രം ഗ്രൂപ്പ് ചാറ്റിലെ വോയിസാണ് ഇപ്പോൾ പുറത്ത് വന്നത്.
ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കുമെന്നും, അവന്റെ കണ്ണ് ഇപ്പോള്‍ ഇല്ലെന്നും സംഘർഷത്തിന് ശേഷം അക്രമിച്ച ഒരു വിദ്യാർത്ഥികള്‍ ചാറ്റില്‍ പറയുന്നു. കൂട്ടത്തല്ലിൽ മരിച്ചാല്‍ പൊലീസ് കേസെടുക്കില്ലെന്ന് പറയുന്ന മറ്റൊരു വിദ്യാർത്ഥിയുടെ ശബ്ദവും ഇക്കൂട്ടത്തിലുണ്ട്. മുഹമ്മദ് ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായിട്ടാണ് എന്നതിനുള്ള തെളിവുകളാണ് പുറത്ത് വരുന്നത്. എളേറ്റില്‍ വട്ടോളി ഹയര്‍ സെക്കന്‍ററി സ്കൂള്‍ കുട്ടികളുടെ ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. തിരിച്ചടിക്കാനായി എല്ലാവരും ട്യൂഷന്‍ സെന്‍ററിന് സമീപം എത്താനായിരുന്നു ആഹ്വാനം.
പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.