വടകര: ദേശീയപാതയില്‍ വടകര കുഞ്ഞിപ്പള്ളി ടൗണില്‍ അടച്ചിട്ട കടമുറിയില്‍ പുരുഷന്റെ തലയോട്ടിയും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
മൃതദേഹം കൊയിലാണ്ടി സ്വദേശിയുടേതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എത്തിയിട്ടുള്ളത്.
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ മുറിയില്‍ നിന്ന് കിട്ടിയ വസ്ത്രത്തിന്‍റെ പോക്കറ്റില്‍ നിന്ന് ഒരു ഫോണ്‍ ലഭിച്ചിരുന്നു. ഈ ഫോണ്‍ പ്രവര്‍ത്തനരഹിതമായിരുന്നെങ്കിലും സിം ഉണ്ടായിരുന്നു. സിം കാര്‍ഡ് ഉടമയെ തേടിയുള്ള അന്വേഷണത്തിലാണ് ഫോണ്‍ കൊയിലാണ്ടി സ്വദേശിയുടേതാണെന്ന് സ്ഥിരീകരിച്ചത്. ഇയാളെ കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് ബന്ധുക്കളില്‍ നിന്ന് മൊഴി ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറു മാസമായി കൊയിലാണ്ടി സ്വദേശിയെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. സംസ്ഥാനത്തിന് പുറത്ത് യാത്ര നടത്തുന്ന ആളാണ്. യാത്രക്ക് ശേഷം തിരിച്ചു വരുന്നതിനാല്‍ കാണാതായത് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.
പോസ്റ്റ്മോര്‍ട്ടം, ഫോറൻസിക് റിപ്പോര്‍ട്ട് എന്നിവ ലഭിച്ചാല്‍ മാത്രമേ മൃതദേഹാവശിഷ്ടങ്ങള്‍ ആരുടേതെന്ന് അന്തിമ തീരുമാനത്തില്‍ എത്താൻ സാധിക്കൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് ദേശീയപാതയില്‍ വടകര കുഞ്ഞിപ്പള്ളി ടൗണില്‍ അടച്ചിട്ട കടമുറിയില്‍ പുരുഷന്റെ തലയോട്ടിയും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയത്. ദേശീയപാത നിര്‍മാണത്തിന് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്തി.
കൈയുടെയും കാലിന്റെയും ഭാഗങ്ങളും വാരിയെല്ലുകളും ഇവിടെ നിന്ന് കണ്ടെടുത്തു. തൊട്ടടുത്ത മുറിയുടെ ഭാഗത്തു നിന്ന് അസ്ഥിയുടെ ഒരു ഭാഗവും പിന്നീട് പൊലീസിന് ലഭിച്ചു. പേപ്പര്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ക്കിടയിലാണ് ആദ്യം മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്.
അഴുകി ദ്രവിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം ആറു മാസത്തിലേറെ പഴക്കമുള്ളതാണെന്ന് കരുതുന്നു. മൃതദേഹത്തിനടുത്തു നിന്ന് സിറിഞ്ചും പൊലീസ് കണ്ടെത്തി. ഹോട്ടല്‍ നടത്തിയിരുന്ന കട ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കാറില്ല.
കെട്ടിട ഉടമ ദേശീയപാത അതോറിറ്റിക്ക് രണ്ടു വര്‍ഷം മുമ്ബ് കൈമാറിയതാണ് കെട്ടിടം. കടയുടെ ഷട്ടറിന്റെ ഭാഗങ്ങളടക്കം നേരത്തേ നീക്കം ചെയ്തിരുന്നു.ചോമ്ബാല പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഫോറൻസിക് വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ ഇന്നലെ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.