കാസർകോട്: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ കുമ്പള, ബംബ്രാണ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. അണ്ടിത്തടുക്കയിലെ പരേതനായ പള്ളിക്കുഞ്ഞി കുദൂറിന്റെയും ഖദീജയുടെയും മകൻ അഫ്‌സൽ (27)ആണ് മരിച്ചത്. ഇന്നു പുലർച്ചെയായിരുന്നു മരണം. വിവരമറിഞ്ഞ് ബന്ധുക്കൾ തിരുവനന്തപുരത്തേയ്ക്ക് പോയിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു വസ്ത്രാലയത്തിൽ ജീവനക്കാരനായിരുന്നു അഫ്‌സൽ. രണ്ടു ദിവസം മുമ്പ് സുഹൃത്തിന്റെ ബൈക്കോടിക്കുന്നതിനിടയിൽ കുഴിയിലേയ്ക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റിരുന്നു. സ്ഥലത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെങ്കിലും പുറമേയ്ക്ക് കാര്യമായി പരിക്കില്ലാത്തതിനാൽ മരുന്നു നൽകി തിരിച്ചയച്ചിരുന്നതായി പറയുന്നു.
താമസസ്ഥലത്ത് വച്ച് ഇന്നലെ സന്ധ്യയോടെ ടോയ്‌ലറ്റിലേയ്ക്ക് പോകുന്നതിനിടയിൽ കുഴഞ്ഞു വീണ അഫ്സലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമാണെന്ന് അറിയിച്ചതിനെതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നു പുലർച്ചെയോടെ മരണം സംഭവിച്ചിരുന്നു.
സഹോദരന്റെ കല്യാണത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയ അഫ്‌സൽ പത്തു ദിവസം മുമ്പാണ് തിരികെ ജോലി സ്ഥലത്തേയ്ക്ക് തിരികെ പോയത്. തൊട്ടുപിന്നാലെ മരണ വാർത്തയെത്തിയത് ബന്ധുക്കളെയും കൂട്ടുകാരെയും നാടിനെയും കണ്ണീരിലാഴ്ത്തി. നിയമ നടപടികൾക്കു ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ പറഞ്ഞു. സഹോദരങ്ങൾ: റസാഖ്, സഹദ്, ബിലാൽ, റംല, അനീസ.