വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ കൂടി പുറത്ത് വരികയാണ്.
ഇന്നലെ രാവിലെ വര്‍ക്കല അയിരൂരിലാണ് കൊലപാതകം നടന്നത്. കളത്തറ എം.എസ്. വില്ലയില്‍ ലീനാ മണി(56)യെ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ വെട്ടിക്കൊന്നത്. രാവിലെ ഒരുവിവാഹചടങ്ങിന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ലീനാ മണിക്ക് നേരേ ആക്രമണമുണ്ടായത്. ലീനയുടെ ഭര്‍തൃസഹോദരന്മാരായ അഹദ്, മുഹസിന്‍, ഷാജി എന്നിവരും അഹദിന്റെ ഭാര്യയും ചേര്‍ന്നാണ് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ലീനയെ വര്‍ക്കലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒന്നര വര്‍ഷം മുൻപാണ് ലീനയുടെ ഭര്‍ത്താവ് എം.എസ്. ഷാന്‍ എന്ന സിയാദ് മരിച്ചത്. ഇതിനു ശേഷം സിയാദിന്റെ പേരിലുള്ള സ്വത്ത് കയ്യടക്കാൻ സഹോദരങ്ങള്‍ ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഒരു മാസം മുൻപ് പ്രതികളിലൊരാളായ അഹദും കുടുംബവും ലീനയുടെ വീട്ടില്‍ക്കയറി താമസമാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം ലീനയ്‌ക്ക് സംരക്ഷണം നല്‍കാൻ കോടതി ഉത്തരവിട്ടു. ഇതേതുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വായില്‍ തുണിതിരുകിയ ശേഷം കമ്ബിപ്പാരകൊണ്ടാണ് ലാനാ മണിയെ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ ആക്രമിച്ചത്.കൈകളിലും കാലിലും കുത്തേറ്റിട്ടുണ്ടെന്നാണ് കൊല്ലപ്പെട്ട ലീനാമണിയുടെ സഹോദരിപുത്രന്റെ മൊഴി.