കണ്ണൂർ: പെരിങ്ങത്തൂരില്‍ കിണറ്റില്‍ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു. കൂട്ടിലാക്കി അല്‍പ്പസമയത്തിനകം പുലി ചത്തുവെന്നും നാളെ വയനാട്ടില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
വയനാട്ടില്‍ നിന്നുള്ള ഡോക്ടര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിണറ്റില്‍ നിന്നും പുലിയെ പുറത്തെത്തിക്കാന്‍ പുലിയെ മയക്കുവെടി വച്ചിരുന്നത്. വല ഉപയോഗിച്ച് പുലിയെ പകുതിയോളം ഉയര്‍ത്തിയ ശേഷമാണ് മയക്കുവെടി വച്ചിരുന്നത്. എട്ട് മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് പുലിയെ കിണറ്റിന്റെ പുറത്തേക്ക് എത്തിച്ചത്.
കണ്ണൂര്‍ പെരിങ്ങത്തൂരില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. കിണറ്റില്‍ കിടക്കുന്ന പുലിയെ ആദ്യം വലയില്‍ കുരുക്കി പുറത്തേക്ക് ഉയര്‍ത്തുകയായിരുന്നു. പിന്നീട് മയക്കുവെടി വെച്ച് പാതി മയക്കത്തിലാണ് കൂട്ടിലേക്ക് മാറ്റിയത്.ഇന്നലെ രാവിലെ 9.30നാണ് വീട്ടിലെ കിണറ്റിനുള്ളില്‍ പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
പുലിയ്‌ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും കൂട്ടിലേക്ക് മാറ്റി കുറച്ച് സമയത്തിനുശേഷം തന്നെ പുലിയുടെ ആരോഗ്യസ്ഥിതി മോശമാകുകയും പുലി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.